നിയാസ് മുസ്തഫ
ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനിയും മുരളി മനോഹർ ജോഷിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിളറി പൂണ്ട് ബിജെപി. മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വിമതപ്രവർത്തനം വന്നാൽ അതു തെരഞ്ഞെടുപ്പുഫലത്തെ കാര്യമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ ആർഎസ്എസ് നേതാക്കളും ബിജെപി നേതാക്കളും ഇരുനേതാക്കളെയും അനുനയിപ്പിക്കാൻ ശ്രമം നടത്തിവരികയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് ഇപ്പോൾ അഡ്വാനിയേയും ജോഷിയേയും നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരേ തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 1991 മുതൽ തുടർച്ചയായി പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തിലെ ഗാന്ധിനഗർ സീറ്റ് ഇത്തവണ അഡ്വാനിക്ക് നിഷേധിച്ചു.
പകരം ഗാന്ധിനഗറിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കുന്നു. കാണ്‍പൂർ സീറ്റ് ജോഷിക്കും നിഷേധിച്ചു. 2014ൽ മോദി മത്സരിച്ചു വിജയിച്ച വാരാണസി മുരളി മനോഹർ ജോഷിയുടെ മണ്ഡലമായിരുന്നു. മോദിക്ക് മത്സരിക്കാനായി വാരാണസി ഒഴിഞ്ഞ് ജോഷി കാണ്‍പൂരിലേക്ക് മാറുകയായിരുന്നു.
ഗാന്ധിനഗറിൽ അഡ്വാനിയും കാണ്‍പൂരിൽ ജോഷിയും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇത്തവണ സീറ്റ് ലഭിക്കുമെന്ന് ഇരുനേതാക്കളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ സീറ്റില്ലായെന്ന വിവരം മുൻകൂട്ടി നേതാക്കളെ അറിയിച്ചില്ലായെന്നതാണ് ഇരുവരെയും വിഷമിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് തൊട്ടുമുന്‍പാണ് തങ്ങൾക്ക് സീറ്റില്ലായെന്ന വിവരം ഇവരെ അറിയിച്ചത്. ഇതോടെ ജോഷി പരസ്യമായും അഡ്വാനി രഹസ്യമായും അതൃപ്തി അറിയിച്ചു.
ഈ സാഹചര്യത്തിലാണ് അഡ്വാനിയുടെ ബ്ലോഗ് പുറത്തുവരുന്നത്. നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു ബ്ലോഗിലെ ചില പരാമർശങ്ങൾ. ബ്ലോഗിൽ വിമർശനമില്ലായെന്ന് ബിജെപി കേന്ദ്രനേതൃത്വം പറയുന്പോഴും ബ്ലോഗിനെ ചൊല്ലി ഇപ്പോഴും ബിജെപിക്കകത്ത് ചർച്ചയുണ്ട്. രാഷ്ട്രീയമായി എതിർക്കുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തുന്നത് പാർട്ടിയുടെ രീതിയല്ലെന്നായിരുന്നു അഡ്വാനി തന്റെ ബ്ലോഗിലൂടെ ചൂണ്ടിക്കാട്ടിയത്.
അഡ്വാനിയുടെ ബ്ലോഗിനു പിന്നാലെ മുരളി മനോഹർ ജോഷി അഡ്വാനിയുടെ വീട്ടിലെത്തി സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനത്തെക്കുറിച്ച് ഇരുനേതാക്കളും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതോടൊപ്പം ബിജെപിയുടെ മുതിർന്ന നേതാവും ലോക്സഭാ സ്പീക്കറുമായ സുമിത്ര മഹാജനും അതൃപ്തിയിലാണ്.
ഇൻഡോർ സീറ്റിൽ ബിജെപി ഇതുവരെ സ്ഥാനാർഥിയെ നിർത്താത്തതാണ് സുമിത്രയെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇൻഡോറിലെ എംപി സുമിത്ര മഹാജനാണ്. 76വയസുള്ള സുമിത്രയ്ക്ക് ഇത്തവണ സീറ്റ് നൽകില്ല. 75വയസിനു മുകളിലുള്ളവരെ മത്സരിപ്പിക്കേണ്ടെന്നത് ബിജെപിയുടെ തീരുമാനമാണെന്നാണ് ദേശീയഅധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. അഡ്വാനിക്ക് 91 വയസും ജോഷിക്ക് 85വയസുമുണ്ട്.
ഇൻഡോർ സീറ്റിൽ ആദ്യം മത്സരിക്കാൻ സന്നദ്ധത അറിയിച്ച സുമിത്ര സീറ്റ് ലഭിക്കില്ലെന്ന് അറിഞ്ഞ് പിൻമാറുകയായിരുന്നു. ഇതോടെ ബിജെപിക്ക് വലിയൊരു പ്രതിസന്ധി അയഞ്ഞുകിട്ടിയെങ്കിലും പകരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിൽ സുമിത്ര കടുത്ത എതിർപ്പിലാണ്.
അതേസമയം, വാരാണസിയിൽ നരേന്ദ്രമോദിക്കെതിരേ മുരളി മനോഹർ ജോഷിയെ മത്സരിപ്പിക്കാനുള്ള ശ്രമം പ്രതിപക്ഷം ഉൗർജിതമാക്കിയിട്ടുണ്ട്. ജോഷിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ആർഎസ്എസും ബിജെപിയും ശ്രമം തുടരുകയാണ്. വാരാണസിയിൽ ജോഷി മത്സരിച്ചേക്കില്ലായെന്നു തന്നെയാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. അഥവാ മത്സരിച്ചാലും സ്വതന്ത്രസ്ഥാനാർഥി ആയേ മത്സരിക്കൂ. വാരാണസിയിൽ ജോഷി മത്സരിച്ചാൽ കോണ്‍ഗ്രസ്, എസ്പി-ബിഎസ്പി സഖ്യം ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സ്ഥാനാർഥിയെ നിർത്തില്ല.