നടന്‍ ജയന്റെ ബന്ധുത്വം സംബന്ധിച്ച തര്‍ക്കം മുറുകുന്നു! മോനേ ആദിത്യാ ജയന്റെ മകന്‍ ഞാനാണെന്ന് വെളിപ്പെടുത്തി യുവാവ് രംഗത്ത്; മുരളി ജയന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇവയൊക്കെ

നടന്‍ ജയന്റെ ബന്ധുത്വം സംബന്ധിച്ച് വിവാദം വീണ്ടും പുകഞ്ഞുകത്തുന്നു. മരിച്ചുപോയ നടന്‍ ജയന്‍ തന്റെ വല്യച്ഛനാണെന്ന് വെളിപ്പെടുത്തി ഉമാ നായര്‍ എന്ന സീരിയല്‍ നടിയാണ് അടുത്തിടെ രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ ജയന്റെ മകനാണെന്ന് വാദിച്ചുകൊണ്ട് മുരളീ ജയന്‍ എന്ന യുവാവ് രംഗത്തെത്തിയിരിക്കുന്നു. എന്നാല്‍ ഉമാ നായര്‍ക്കെതിരെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ ആദിത്യനും സഹോദരി ഡോ.ലക്ഷ്മിയും എത്തിയിരുന്നു.

എന്നാല്‍ തന്റെ പിതാവ് ജയനാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് വരെ നടത്താന്‍ താന്‍ തയ്യാറാണെന്നാണ് മുരളീജയന്‍ പറയുന്നത്. ഒരു ഓണ്‍ലൈന്‍ സൈറ്റിനോട് സംസാരിക്കവെയാണ്, കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ സംസാരിച്ചപ്പോള്‍ വെളിപ്പെടുത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ കൈമാറിയത്.

വര്‍ഷങ്ങളായുള്ള തന്റെ പരിശ്രമത്തിന് അല്‍പ്പമെങ്കിലും ഫലം കണ്ടുതുടങ്ങിയത് സോഷ്യല്‍മീഡിയ വഴിയാണെന്ന് മുരളി പറഞ്ഞു. ജയന്‍ തന്റെ വല്യച്ഛനാണെന്ന് ചാനല്‍പരിപാടിയില്‍ പറഞ്ഞ ഉമാനായരോട് തനിക്ക് വളരെ നന്ദിയുണ്ട്. ഉമയുടെ അവകാശവാദത്തോട് ആദിത്യനും മറ്റും പ്രതികരിച്ചതുമൂലമാണ് താന്‍ ഫേസ്ബുക്ക് ലൈവിലൂടെ തന്റെ അവകാശത്തെ കുറിച്ച് ധൈര്യപൂര്‍വ്വം വെളിപ്പെടുത്തിയതെന്നും മുരളി പറഞ്ഞു. വര്‍ഷങ്ങളായി തന്റെ നെഞ്ചില്‍ എരിഞ്ഞ തീയാണ് ഇപ്പോള്‍ അണഞ്ഞുതുടങ്ങുന്നതെന്നും മുരളി പ്രതികരിച്ചു. സോഷ്യല്‍ മീഡിയ നല്‍കുന്ന പൂര്‍ണപിന്തുണയ്ക്ക് ഇയാള്‍ നന്ദിയും അറിയിച്ചു.

Related posts