കോടതിവിധി എല്ലാവര്ക്കും ബാധകമെന്നു സുരേഷ് ഗോപി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി എല്ലാവര്ക്കും ബാധകമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്യും. അയ്യപ്പനോട് കളിച്ചവരോട് വിശ്വാസികള്‍ പകരം വീട്ടുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമെന്ന് കെ. മുരളീധരന്
നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടി. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. എല്ലാ വിധിയിലും എല്ലാവര്ക്കും തൃപ്തിയുണ്ടാവില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു.
കോടതിവിധി ശരിയെന്നു വിശ്വസിക്കുന്നു: രഞ്ജി പണിക്കര്‍
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ശരിയെന്ന് വിശ്വസിക്കുന്നുവെന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യമെന്ന് താന്‍ വിശ്വസിക്കുന്നു.
സിനിമാ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയവര്‍ തന്നെ അദ്ദേഹത്തെ തിരിച്ചെടുക്കണം. ദിലീപിനെതിരെ ചുമത്തിയ ഗുഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. താന്‍ ഒരു പക്ഷത്തും നില്‍ക്കുന്നയാളല്ലെന്നും നിഷ്പക്ഷമായാണ് അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്ക്ക് നീതി ലഭിക്കണം ;ആസിഫ് അലി
ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടൻ ആസിഫ് അലി.
അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു. കോടതിവിധിയെ പറ്റി അഭിപ്രായം പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കോടതിവിധിയെ സ്വീകരിക്കുന്നു.
