നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങള്‍ എന്നെനോക്കൂ! നിസാര കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങള്‍ വെളിച്ചമാകട്ടെ; രോഗത്തെ മറികടന്ന് യുവാവിന്റെ കുറിപ്പ്

ജീവനെയും ജീവിതത്തെയും സ്‌നേഹിക്കുന്നവര്‍ ഏറ്റവുമധികം വെറുക്കുന്ന ഒന്നാണ് കാന്‍സര്‍ എന്ന രോഗം. പിടിപെട്ടു കഴിഞ്ഞാല്‍ ചിലപ്പോള്‍ ജീവനും കൊണ്ടേ പോവൂ. അതേസമയം ധൈര്യവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ കാന്‍സറിനെ ആട്ടിയോടിക്കാന്‍ സാധിക്കുകയും ചെയ്യും. അതിന് പ്രമുഖരടക്കമുള്ള നിരവധിയുദാഹരണങ്ങളുണ്ടു താനും. ഇത്തരത്തില്‍ കാന്‍സറിനെ തോല്‍പ്പിക്കാന്‍ കഠിന പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്റേതാണ് കുറിപ്പ്.

കാന്‍സര്‍ സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ ചികിത്സയുടെ ഓരോ ഘട്ടത്തിലും തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും അതിനോടുള്ള തന്റെ മനോഭാവവും വ്യക്തമാക്കിക്കൊണ്ട് നന്ദു സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നന്ദു എത്തിയത്, വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന, എന്നാല്‍ സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്ന തരത്തിലുള്ള ഒരു കുറിപ്പുമായാണ്.

നന്ദുവിന്റെ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

അതെ എന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്നു…എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല ട്ടോ…പക്ഷെ എനിക്കതില്‍ ദുഃഖമൊന്നും ഇല്ല..ഞാന്‍ വളരെ സന്തോഷവനാണ്…

ഡോക്ടര്‍ എന്നോട് ചോദിച്ചു കാല്‍ വേണോ അതോ ജീവന്‍ വേണോ എന്ന് ഞാന്‍ സന്തോഷത്തോടെ പറഞ്ഞു ജീവന്‍ മതിയെന്ന്…ഈ യുദ്ധത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്യും…ട്രീറ്റ്‌മെന്റ് കഴിഞ്ഞിട്ടില്ല…

ഈ സുന്ദരമായ ഭൂമിയില്‍ വീണ്ടും ജീവിക്കാന്‍ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി…എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി…നിറമില്ല,മീശയില്ല,താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങള്‍ എന്നെനോക്കൂ…

എനിക്കൊരു കാലില്ല എന്നിട്ടും ഞാന്‍ ഹാപ്പി ആണ്…അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ…ഈ ലോകത്തില്‍ 750 കോടി ആള്‍ക്കാരില്‍ നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ

NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..ഞാന്‍ ധീരനാണ്

അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകര്‍ന്നു പോകുന്നവര്‍ക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്റെ ലക്ഷ്യം. ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാന്‍ പാടില്ല..

കൂടാതെ നിസ്സാര കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങള്‍ വെളിച്ചമാകട്ടെ. ജഗതീശ്വരന്‍ എനിക്ക് തന്ന കര്‍മ്മമാണ് ഇത്. ‘നിങ്ങളുടെ സ്വന്തം നന്ദൂസ് ‘

Related posts