മഴവെള്ളം സംഭരിക്കാന്‍ കുളം നിര്‍മിച്ചപ്പോള്‍ കിട്ടിയത് ‘അത്ഭുത കുടം’ ! ഫറോക്കിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ‘നന്നങ്ങാടി’

ഫറോക്ക്: പറമ്പ് കിളയ്ക്കുമ്പോള്‍ നിധി ലഭിച്ച പല ആളുകളെയും പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. ഇതുപോലെ സ്‌കൂളില്‍ മഴവെള്ള സംഭരണിയ്ക്കായി കുളം കുഴിച്ചപ്പോള്‍ കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടി. കുടത്തിന്റെ രൂപത്തില്‍ ലഭിച്ച ചരിത്രാവശിഷ്ടം കുട്ടികളിലും നാട്ടുകാരിലും ഒരുപോലെ ആകാംക്ഷ ഉണര്‍ത്തി. ഫറോക്കിനടുത്ത് അമ്പലങ്ങാടിയിലെ ഗവ. എല്‍പി സ്‌കൂളിന്റെ പിന്നില്‍ 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കൊച്ചു കുളത്തിലാണ് ഈ അത്ഭുത കുടം കണ്ടെത്തിയത്.

ജില്ലാ പഞ്ചായത്ത് സഹായത്തോടു കൂടി നിര്‍മ്മിച്ച ഈ കൊച്ചുകുളം ശരിയായ പരിപാലനമില്ലാത്തതിനാല്‍ കാട് മൂടി നശിച്ച നിലയിലായിരുന്നു. ഇതിനു പരിഹാരമായി കാട് വെട്ടി തെളിച്ച് കുളം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് കുടം കണ്ടെത്തിയത്. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ജലീലും സഹഅധ്യാപകന്‍ അരുണും കൂടി കോണി വച്ച് കുളത്തില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് ചിത്രപ്പണികളോടുകൂടിയ മൂടിയുള്ള നന്നങ്ങാടി കണ്ടത്.

ഭൂമിയുടെ നിരപ്പില്‍ നിന്നും 10 അടിയോളം താഴെ കളത്തിന്റെ അരികിലാണിത്. മണ്ണു മാറ്റിയതിനാല്‍ മുകളില്‍ നിന്ന് കാണാവുന്ന നിലയിലാണിപ്പോള്‍. വാര്‍ത്ത നാട് മുഴുവനും നിമിഷം നേരം കൊണ്ട് എത്തി. ഇതോടെ ചരിത്രാവശിഷ്ടം കാണാന്‍ നാട്ടുകാര്‍ ഒഴുകിയെത്തി. ഹെഡ്മാസ്റ്റര്‍ പോലീസിലും പുരാവസ്തു വകുപ്പിലും വിവരമറിയിച്ചു. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനും അസ്ഥികള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിച്ചിരുന്ന വലിയ മണ്‍ഭരണികളാണ് നന്നങ്ങാടികള്‍. അതിനുള്ളിലെന്താണെന്നറിയാനുള്ള ആകാംഷയിലാണ് നാട്ടുകാര്‍. നന്നങ്ങാടി കാണാന്‍ വന്‍ ജനത്തിരക്കാണ് ഇപ്പോള്‍.

Related posts