ചന്തയില്‍ ഒരു മണിക്കൂര്‍ നില്‍ക്കാന്‍ അഞ്ചു രൂപ നല്‍കണം ! ആള്‍ക്കൂട്ടം തടയാന്‍ പതിനെട്ടാമത്തെ അടവുമായി നാസിക് പോലീസ്…

കോവിഡിന്റെ രണ്ടാം വരവില്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ് രാജ്യം. ഇതില്‍ തന്നെ കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.

പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോള്‍ അതു മറികടക്കുന്നതിനുള്ള പതിനെട്ടടവും പയറ്റുകയാണ് ഭരണകൂടം.

നാസിക്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ചന്തകളിലേക്കു പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

ചന്തയില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നതിന് അഞ്ചു രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. നഗരം ലോക്ക് ഡൗണിലേക്കു പോവുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പൊലീസ് കമ്മിഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു.

സമീപദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പരിശോധനകള്‍ക്കായി സ്വയം മുന്നോട്ടുവരാന്‍ സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ജനങ്ങളോട് ആവശ്യപ്പെട്ടു.

പലപ്പോഴും ഗുരുതരമായ അവസ്ഥയിലാണ് ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത്. ഇതുമൂലം ഐസിയുവും ഓക്സിജന്‍ ബെഡുകളും അതിവേഗം നിറയുകയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനം ഒരു ലോക്ക്ഡൗണ്‍ കൂടി താങ്ങില്ലെന്ന് മന്ത്രി നവാബ് മാലിക്ക് അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ അല്ലാതെയുള്ള മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Related posts

Leave a Comment