ദേശീയപാത സ്ഥലമേറ്റെടുക്കൽ: പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ; കുറച്ച് വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം

തിരുവനന്തപുരം: മലപ്പുറത്ത് ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി സര്‍വകക്ഷി യോഗത്തിനുശേഷം വ്യക്തമാക്കി. പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച സർവേ പുനഃരാരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മലപ്പുറത്തുനിന്നുള്ള എംപിമാരും എംഎല്‍എമാരും ജില്ലയിലെ മറ്റ് രാഷ്ട്രീയനേതാക്കളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സർവേ തുടരാൻ തീരുമാനമായത്‍.

2013ലെ അലൈന്‍മെന്‍റും പുതിയ അലൈന്‍മെന്‍റും പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലം നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് നല്‍കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ പ്രതിപക്ഷപാര്‍ട്ടികളും തൃപ്തി രേഖപ്പെടുത്തി. യുഡിഎഫ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്ന ഉറപ്പ് ലഭിച്ചെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. അതേസമയം, പ്രശ്നംപരിഹരിക്കാതെ സര്‍വേ തുടരാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.

Related posts