കോണ്‍ഗ്രസിന് തലവേദനയായി സിദ്ധുവിന്റെ മുങ്ങി നടക്കല്‍, ഭാര്യയ്ക്ക് സീറ്റില്ലെങ്കില്‍ പ്രചാരണത്തിനിറങ്ങില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം, അടുപ്പിക്കാതെ ക്യാപ്റ്റന്‍ അമരീന്ദറും, രാഹുലിന്റെ പുതിയ തലവേദന ഇങ്ങനെ

ഭാര്യയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റു കിട്ടാതിരുന്നതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റി മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിദ്ധു. 20 ദിവസമായി താരവുമായി യാതൊരു ആശയവിനിമയവും നടത്താന്‍ കഴിയാതെ വലയുകയാണ് നേതാക്കള്‍. കോണ്‍ഗ്രസ് നേതൃത്വവുമായോ സംസ്ഥാന നേതാക്കളുമായോ ഒരു ആശയവിനിമയവും സിദ്ധു നടത്താത്തതിനാല്‍ ദേശീയ നേതൃത്വത്തിന് സിദ്ദു തലവേദനയായി മാറിയിരിക്കുകയാണ്.

ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൗറിനായി ചോദിച്ചിരുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാവ് പവന്‍ കുമാര്‍ ബന്‍സാലിനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സിദ്ദുവിന്റെ ഭാര്യയെ അമൃത്സറില്‍ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന പട്ടികയില്‍ സിറ്റിങ് എംപി ഗുര്‍ജിത് സിങ് ഔജ്ലയുടെ പേരാണ് ഇടംപിടിച്ചത്.

ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയുന്ന തകര്‍പ്പന്‍ പ്രസംഗം നടത്താറുള്ള സിദ്ധുവിനെ പ്രചരണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരേണ്ട നേതാവ് ആരാണെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്ക സംസ്ഥാനത്തു നിന്നും സിദ്ദുവിനെ കിട്ടണമെന്ന ആവശ്യമാണ് ഉയര്‍ന്നത്.

സീറ്റ് നിഷേധത്തിനൊപ്പം രാഹുലിന്റെ മോഗയിലെ റാലിയില്‍ നിന്നും താരത്തെ തഴഞ്ഞതും പ്രകോപനമായെന്നാണ് വിലയിരുത്തല്‍. വിവാദ പ്രസ്താവനകളുടെ പേരില്‍ പഞ്ചാബിലെ സംസ്ഥാന നേതാക്കളുമായി നല്ല രസത്തിലല്ല സിദ്ധു. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി നില നില്‍ക്കുന്ന പടല പിണക്കങ്ങളും പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കാന്‍ താരത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ പാക് ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ കര്‍താര്‍പൂര്‍ ഇടനാഴി വഴി സിദ്ധു പോയതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് എല്ലായിടത്തും പോകുന്നതെന്നു സിദ്ദു പറഞ്ഞതു വിവാദമായി.

പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ ഇമ്രാന്‍ ഖാനെ പുകഴ്ത്തിയതും ഖലിസ്ഥാന്‍ നേതാവിനൊപ്പം ചിത്രമെടുത്തതും കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. ബലാക്കോട്ട് ആക്രമണത്തില്‍ ബിജെപിയെ സിദ്ധു പരിഹസിച്ചതും വിവാദമായിരുന്നു. അരുണ്‍ ജെയ്റ്റ്ലിക്ക് ബിജെപി സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സിദ്ദു ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് മന്ത്രിയാകുകയും ചെയ്തു.

Related posts