വീട്ടില്‍ അതിക്രമിച്ച് കയറി 14കാരിയെ കൊല്ലാന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍;പ്രതി ഒളിവില്‍…

14കാരിയെ കൊലപ്പെടുത്താന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം. മണ്ണാര്‍ക്കാടാണ് സംഭവം.

പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനാണ് യുവാവ് ശ്രമിച്ചത്. ഇക്കാര്യം പൊലീസില്‍ ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ യുവാവാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തിരുവിഴാംകുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയെ വയറ്റില്‍ ചവിട്ടി വീഴ്ത്തിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കള്‍ പറയുന്നു.

അയല്‍വാസിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കാട്ടി ബന്ധുക്കള്‍ മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

Related posts

Leave a Comment