‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…

ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്.

2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്‍പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല.

നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം.

ശേഷം പതിയെ പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു.

നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്.

പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന് പുകവലിയാണ്. അഞ്ച് മില്യന്‍ ജനസംഖ്യയില്‍ വലിയൊരു ശതമാനം പേരുടെ മരണത്തിനും ഇത് കാരണമാകുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

പുകയില ഉല്‍പന്നങ്ങളുടെ നിയന്ത്രണങ്ങളുടെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും സിഗരറ്റ് വില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.

സിഗരറ്റ് വില്‍ക്കാന്‍ അധികാരമുള്ള കടകളുടെ എണ്ണം ഇപ്പോള്‍ 8,000-ത്തില്‍ നിന്ന് 500-ല്‍ താഴെയായി കുറയുമെന്ന് അധികൃതര്‍ പറയുന്നു.

സമീപ വര്‍ഷങ്ങളില്‍, വാപ്പിംഗ്-നിക്കോട്ടിന്‍ നല്‍കുന്ന നീരാവി ഉല്‍പ്പാദിപ്പിക്കുന്ന
ഇ-സിഗരറ്റുകള്‍ സാധാരണ സിഗരറ്റിനേക്കാള്‍ യുവതലമുറകള്‍ക്കിടയില്‍ വളരെ പ്രചാരം നേടിയിട്ടുണ്ട്.

ഇത് അപകടരമല്ലെങ്കിലും അര്‍ബുദത്തിന് കാരണമാകുന്ന നിക്കോട്ടിന്റെ അംശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

പുകയില ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള തീരുമാനത്തെ രാജ്യത്തെ ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്.

ന്യൂസിലന്‍ഡ് പോലുള്ള ഒരു രാജ്യത്ത് ഈ തീരുമാനം ഫലപ്രദമായി നടപ്പിലാകുമെന്നു തന്നെ പ്രത്യാശിക്കാം.

Related posts

Leave a Comment