കൊച്ചി: പുതുവര്‍ഷത്തില്‍ ഉയരെ ഉയരട്ടെ കേരളം; വളരട്ടെ പങ്കാളിത്തം എന്ന ജെന്‍ഡര്‍ കാമ്പയിനുമായി കുടുംബശ്രീ സംസ്ഥാന മിഷന്. വിഷന്‍ 2031 ന്റെ ഭാഗമായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കുറഞ്ഞത് 50 ശതമാനമായി ഉയര്‍ത്തുന്നതിനായി, നയീ ചേതന 4.0 ദേശീയ ജെന്‍ഡര്‍ കാമ്പയിനുമായി സംയോജിപ്പിച്ചാണ് സംസ്ഥാന, ജില്ലാതലത്തില്‍ ഇന്നുമുതല്‍ കുടുംബശ്രീ ജെന്‍ഡര്‍ കാമ്പയിന് തുടങ്ങുന്നത്.
വേതനാധിഷ്ഠിത തൊഴിലുകള്‍ക്കും തുല്യ പ്രാധാന്യം നല്കി തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് വിഷന്‍ 2031 ന്റെ ലക്ഷ്യം. തൊഴില്‍ നൈപുണ്യം മെച്ചപ്പെടുത്തി തൊഴില്‍ നേടുന്ന സാഹചര്യം വര്‍ധിപ്പിക്കുക, സുരക്ഷിത തൊഴില്‍ സാഹചര്യങ്ങളെ പരിചയപ്പെടുത്തി വേതനാധിഷ്ഠിത തൊഴില്‍ നേടാന്‍ പ്രോത്സാഹനം നല്‍കുകയും അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നിവയാണ് ഇതിനു പിന്നിലുള്ളത്.
ലിംഗ സമത്വവുമായി ബന്ധപ്പെട്ട ധാരണകള്‍ ശക്തിപ്പെടുത്തുകയും, അയല്‍ക്കൂട്ടാംഗങ്ങളുടെ തൊഴില്‍ അറിവുകള്‍ വർധിപ്പിക്കാനും, പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താനും അവയിൽ സുരക്ഷിതത്വം തിരിച്ചറിയാനും, സ്ത്രീകളിലൂടെ കുടുംബങ്ങളിൽ സാന്പത്തിക – മാനസിക ഉന്നമനം വർധിപ്പിക്കുകയുമാണ് ഉയരെ കാമ്പയിന്റെ ലക്ഷ്യം. ഈ വിഷയങ്ങളെ സംബന്ധിച്ച് തയാറാക്കിയ അറിവിന്റെ അഞ്ചാഴ്ചകള്‍ എന്ന അഞ്ചു പ്രധാന വിഷയങ്ങള്‍ അയല്‍ക്കൂട്ട തലങ്ങളില്‍ എത്തിക്കും.
ആദ്യഘട്ടം കുടുംബശ്രീ അയല്‍ക്കൂട്ട തലത്തിലാണ് നടപ്പിലാക്കുക. തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് സംസ്ഥാന ജില്ലാ സിഡിഎസ്എഡിഎസ് തലങ്ങളില്‍ പരിശീലനം നല്‍കും. ഇതിനായുള്ള കൈപ്പുസ്തകം വിഷയ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കലും പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ച് മുഴുവന്‍ അയല്‍ക്കൂട്ടം അംഗങ്ങളിലേക്കും ഈ വിവരങ്ങള്‍ എത്തിക്കുന്ന പ്രവര്‍ത്തന രീതിയാണ് അവലംബിക്കുന്നത്. കാമ്പയിനിന്റെ ഏകോപനം ഉറപ്പാക്കുന്നതിനായി സംസ്ഥാനതല കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്.
സീമ മോഹന്‍ലാല്‍
