വൈക്കം: ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്നയാൾ വെള്ളൂർ പോലീസിന്റെ പിടിയിലായി. കരമന ചെറുകാട് ശരത് ഭവനിൽ മുരുകനാ(57)ണ് പിടിയിലായത്.
വെള്ളൂർ പോലീസിന്റെ പരിശോധനയ്ക്കിടെ കഴിഞ്ഞ രാത്രി സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ട്രെയിനിൽ മോഷണം നടത്തിയ ബാഗ് കണ്ടെത്തിയത്.
ഇതിൽ യാത്രക്കാരന്റെ ഫോണും പണവും കണ്ടെത്തി. ഫോണിന്റെ ഉടമയുമായി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ബാഗ് മോഷ്ടിക്കപ്പെട്ടതറിഞ്ഞത്.
8000 രൂപയും ഫോണും മറ്റ് സാധനങ്ങളും ബാഗിൽ ഉണ്ടായിരുന്നതായി ഉടമ പറഞ്ഞെങ്കിലും ഫോണും 4000ത്തോളം രൂപയുമാണ് മോഷ്ടാവിൽനിന്ന് കണ്ടെത്താനായത്. മുരുകനെ റെയിൽവേ പോലീസിന് കൈമാറി. ഇയാൾ ട്രെയിനിൽ സ്ഥിരം മോഷണം നടത്തുന്നയാളാണെന്നു റെയിൽവേ പോലിസ് പറഞ്ഞു.
