എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ ഭീതിപൂണ്ട് സ്വര്‍ണക്കടത്തിലെ കണ്ണികളായ യുവാക്കള്‍; എന്‍ഐഎയെ പേടിച്ച് കസ്റ്റംസിനു മുമ്പില്‍ സ്വയം കീഴടങ്ങാന്‍ എത്തുന്നത് നിരവധി ആളുകള്‍…

സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അന്വേഷണം മുറുകുമ്പോള്‍ വിളറിപിടിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളികളായ യുവാക്കള്‍. എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും കേസ് അന്വേഷിക്കുന്നുണ്ട്.

സ്വര്‍ണക്കടത്തിലുപരി തീവ്രവാദ ബന്ധം കൂടി അന്വേഷണ വിധേയമാക്കിയതോടെ ചെറുകിട സ്വര്‍ണക്കടത്തുകാരുടെ സഹിതം ചങ്കിടിക്കുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍ഐഎ കൂടി വന്നതാണ് ചെറുകിട സ്വര്‍ണ്ണക്കടത്തു സംഘങ്ങളെ ഭയപ്പെടുത്തുന്നത്.

നയതന്ത്ര ബാഗിന് മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണിവര്‍. എന്‍ഐഎയുടെ അന്വേഷണവഴിയില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് എന്‍ഐഎ അന്വേഷിക്കുന്നത്.

യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവര്‍ത്തനമായാണ് കാണുന്നത്. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരില്‍ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്.

അറസ്റ്റിലായ സംജുവിന്റെ ബന്ധു ഷംസുദ്ദീന്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്തുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള നിരവധി ആളുകളാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ഏതെങ്കിലും ബന്ധമുള്ളവര്‍ സ്വയംസന്നദ്ധരായി കസ്റ്റംസിനു മുന്നില്‍ കീഴടങ്ങാന്‍ എത്തുന്നതായും വിവരമുണ്ട്. എന്‍.ഐ.എ.യുടെ അന്വേഷണം നടക്കുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നീക്കമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു.

കസ്റ്റംസിന്റെ നടപടികള്‍ പ്രകാരം എളുപ്പം കേസില്‍ നിന്നും ഊരാന്‍ പ്രതികള്‍ക്ക് സാധിക്കുന്നുണ്ട്. കസ്റ്റംസ് കേസെടുക്കുന്നത് 108 മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണക്കടത്ത് കേസിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വഭാവികമായി ജാമ്യം ലഭിക്കുന്ന അവസ്ഥ ഉണ്ടാകും.

സ്വര്‍ണം കണ്ടുകെട്ടുമെങ്കിലും ജയില്‍ശിക്ഷ ലഭിക്കുന്നത് കുറവാണ്. കസ്റ്റംസ് ആക്ട് സെക്ഷന്‍ 136 പ്രകാരം പരമാവധി ശിക്ഷ ഏഴുവര്‍ഷം തടവ് മാത്രമാണ് ഉണ്ടാകുക. കുറ്റപത്രം കൊടുക്കുന്നതിന് മുന്‍പേ നികുതിയും പിഴയും അടച്ചാല്‍ ഇളവ് ലഭിക്കാം. കോഫേ പോസ ചുമത്തിയാലും ലഭിക്കുക ഒരു വര്‍ഷം തടവു വരും.

എന്നാല്‍ പന്ത് എന്‍ഐഎയുടെ കോര്‍ട്ടിലെത്തിയാല്‍ കളിമാറും. കേസെടുക്കുന്നത് രാജ്യവിരുദ്ധപ്രവര്‍ത്തനത്തിനാണ്. അതുകൊണ്ട് തന്നെ ചുമത്തുന്നത് യു.എ.പി.എ. സെക്ഷന്‍ 16, 17, 18 വകുപ്പുകളാണ്.

സെക്ഷന്‍ 15 പ്രകാരം സാമ്പത്തിക കുറ്റകൃത്യവും ഭീകരപ്രവര്‍ത്തനം കൂടി ചുമത്തുന്നതോടെ ജാമ്യം കിട്ടാനുള്ള സാധ്യതകളും വിരളമാകും. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അറസ്റ്റിലാകുന്നവര്‍ക്ക് മാത്രമാകുന്നതും സ്വര്‍ണക്കടത്തുകാരുടെ ചങ്കിടിപ്പു കൂട്ടുന്നു.

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മുഹമ്മദ് അലി അധ്യപകന്റെ കൈവെട്ടിയ കേസില്‍ വെറുതെ വിട്ടയാളാണ്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തിലൂടെ സമാഹരിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി എന്‍ഐഎ പറയുന്നു.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിര്‍ണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം കരുതുന്നു. തീവ്രവാദ ബന്ധം സംശയിച്ചിരുന്നതാണു കൈവെട്ട് കേസും.

ആ കേസിലെ പ്രതി സ്വര്‍ണക്കടത്ത് കേസിലും അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധവും ഉറപ്പിക്കാമെന്നാണ് എന്‍ഐഎയുടെ വിശ്വാസം. വരും ദിവസങ്ങളിലും നിരവധി പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഇടയുണ്ടെന്നാണ് വിവരം.

Related posts

Leave a Comment