ജൂണ്‍ ഒന്ന് മുതൽ വിദ്യാർഥികൾക്ക് കണ്‍സഷൻ നൽകില്ല; കുറഞ്ഞ നിരക്കിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്ന് സ്വകാര്യ ബസുടമകൾ

കൊച്ചി: ജൂണ്‍ ഒന്ന് മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ കയറുന്ന ഒരു വിദ്യാർഥിക്കും കണ്‍സഷൻ നിരക്ക് അനുവദിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടന പ്രഖ്യാപിച്ചു. വരുന്ന അധ്യായന വർഷം മുതൽ വിദ്യാർഥികളിൽ നിന്നും മുഴുവൻ നിരക്കും സ്വകാര്യ ബസുകൾ ഈടാക്കും.

വിദ്യാർഥികളെ കുറഞ്ഞ നിരക്കിൽ സ്വകാര്യ ബസുകളിൽ പ്രവേശിപ്പിക്കണമെങ്കിൽ സർക്കാർ സബ്ഡിസി നൽകണമെന്നും ബസുടമകൾ വ്യക്തമാക്കി.

വിദ്യാർഥികൾ കണ്‍സഷൻ നിരക്കിൽ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനും ബസുടമകളുടെ സംഘടന ആലോചിക്കുന്നുണ്ട്. വിഷയത്തിൽ നിന്നും ഇനി പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.

അടുത്തിടെ സ്വകാര്യ ബസുടമകൾ നടത്തിയ സമരത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വിദ്യാർഥികളുടെ നിരക്ക് വർധന. എന്നാൽ നിരക്ക് വർധിപ്പിച്ച സർക്കാർ വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാൻ തയാറായിരുന്നില്ല.

തുടർന്ന് ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ബസുകൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ് നീക്കം തുടങ്ങിയതോടെ ബസുടമകൾ സമരം പിൻവലിക്കുകയായിരുന്നു.

Related posts