ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തേക്കു പോയ പിന്നീട് ഇന്നേവരെ ആരും കണ്ടിട്ടില്ല;തിരോധാനത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അറുപറ ദമ്പതികള്‍ എവിടെയെന്ന ചോദ്യം ബാക്കിയാവുന്നു…

കോട്ടയം: അറുപറ ദമ്പതികളുടെ ദുരൂഹ തിരോധാനത്തിന് നാളെ ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിന് ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ദമ്പതികളെ കാണാതാവുന്നത്. അന്ന് രാത്രി ഒമ്പതിന് ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42) ഭാര്യ ഹബീബ(37) എന്നിവരെ പിന്നീടിന്നു വരെ ആരും കണ്ടിട്ടില്ല. രാജ്യമെങ്ങും ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അരിച്ചു പെറുക്കിയെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല.

വീടിനു സമീപം പലചരക്കു കട നടത്തിയിരുന്ന ഹാഷിം ആഴ്ചകള്‍ക്കു മുമ്പ് വാങ്ങിയ മാരുതി വാഗണ്‍ആര്‍ ചാരനിറമുള്ള താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കാറിലാണ് വീട്ടില്‍ നിന്നു കോട്ടയത്തേക്ക് പുറപ്പെട്ടത്. മക്കളായ ഫാത്തിമ(13),ബിലാല്‍(ഒമ്പത്) എന്നീ രണ്ടു മക്കളെയും ഹാഷിമിന്റെ പിതാവ് അബ്ദുള്‍ ഖാദറിനെ ഏല്‍പ്പിച്ചതിനു ശേഷമാണ് ഇരുവരും പുറപ്പെട്ടത്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍,ഡ്രൈവിംഗ് ലൈസന്‍സ്,എടിഎം കാര്‍ഡുകള്‍ ഇവയെല്ലാം വീട്ടില്‍ വച്ചശേഷമാണ് ഇരുവരും പോയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോട്ടയത്തെയും പരിസരത്തെയും തോടുകളിലും മറ്റ് ജലാശയങ്ങളിലും പാതാളക്കരണ്ടിയും സ്‌കാനറും ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഇതിനിടെ, അജ്മീര്‍ ദര്‍ഗയില്‍ ഹബീബയെ കണ്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം രണ്ടാഴ്ച അവിടെ അന്വേഷണം നടത്തിയിരുന്നു. തണുപ്പു കാലത്ത് ദമ്പതികളെന്നും സംശയിക്കുന്ന രണ്ടുപേര്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നെന്ന് മലയാളികള്‍ അടക്കമുള്ളവര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടും സമാനമായ രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുമ്പൊന്നു ലഭിച്ചിട്ടില്ല.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പോലീസിന്റെ കേസ് ഡയറി ഫയല്‍ കോടതി ആവശ്യപ്പെട്ടു. മെയ് 19ന് കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഫയല്‍ കോടതി ആവശ്യപ്പെട്ടു. മെയ് 19ന് കേസ് പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാനാണ് ഹൈക്കോടതി ജഡ്ജി സുനില്‍ തോമസ് ഉത്തരവിട്ടത്. തിരോധാനത്തിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന നാളെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

Related posts