മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ഒടിയന്‍ പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നു; ഇതേക്കുറിച്ച് ഹരികൃഷ്ണന്‍ പറയുന്നതിങ്ങനെ…

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍ പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നു. സിനിമ റിലീസ് ചെയ്തതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് തിരക്കഥാകൃത്തായ ഹരികൃഷ്ണന്‍ പുതിയ വിശേഷം പങ്കുവെച്ചത്.

ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പോസ്റ്ററും ഔദ്യോഗികമായി റിലീസ് ചെയ്തു. മഞ്ജു വാരിയര്‍ അടക്കമുള്ള താരങ്ങള്‍ പോസ്റ്റര്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഒരു വലിയ വാണിജ്യ സിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. എന്തായാലും ലാലേട്ടന്റെ ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ വാര്‍ത്ത.

ഹരികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ഇന്ന് ‘ഒടിയന്‍’ റിലീസ് ചെയ്തിട്ടു രണ്ടു വര്‍ഷം. ഒരു വലിയ സിനിമയ്ക്ക്് അര്‍ഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമര്‍ശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓര്‍മകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.

എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയന്‍. പ്രിയപ്പെട്ടവരായ മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, വി.എ. ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍, പത്മകുമാര്‍, ഷാജി കുമാര്‍…

ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.

സിനിമയ്ക്കുമുന്‍പേ തിരക്കഥ പ്രസാധനം ചെയ്യാന്‍ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകള്‍ക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയില്‍വന്നില്ല.

സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. ( ദേശീയ അവാര്‍ഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല. )ഇപ്പോഴിതാ, ഒടിയന്റെ ഈ രണ്ടാം പിറന്നാള്‍ദിനത്തില്‍, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു.

നല്ല പുസ്തകങ്ങളുടെ നിര്‍മിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോണ്‍ ബുക്‌സ് ആണു പ്രസാധകര്‍. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനില്‍ വേഗയുടെ പ്രസാധനമികവും ഡിസൈന്‍ വൈദഗ്ധ്യവും ഒടിയന്‍ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റര്‍ അനിലിന്റെ വിരല്‍വരത്തിന്റെ മുദ്രയാണ്. പുസ്തകത്തിന്റെ പ്രകാശനവിവരങ്ങള്‍ പിന്നീടറിയിക്കാം.

Related posts

Leave a Comment