വെള്ള വിതരണത്തിനൊപ്പം എണ്ണ വിതരണവും ! ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില്‍ എണ്ണ; കാരണം അറിഞ്ഞ് നാട്ടുകാര്‍ തലയില്‍ കൈവച്ചു…

വൈക്കത്ത് ജല അതോറിറ്റി വിതരണംചെയ്ത വെള്ളത്തില്‍ രാസവസ്തു കലര്‍ന്ന എണ്ണ. തലയാഴത്തിന് സമീപം അഞ്ചോളം വീടുകളിലാണ് കരി ഓയില്‍ പോലുള്ള ദ്രാവകംകലര്‍ന്ന കുടിവെള്ളം കിട്ടിയത്. റോഡിലെ പൊട്ടിയ പൈപ്പിനുമുകളില്‍ ടാറ് ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍.

ശനിയാഴ്ച ഉച്ചയോടെ പള്ളിപറമ്പില്‍ രത്‌നാകരന്റെ വീട്ടിലെ ടാപ്പില്‍നിന്ന് ശേഖരിച്ച വെള്ളത്തിലാണ് എണ്ണ കലര്‍ന്നതായി കണ്ടത്. പാടയും കറുത്തനിറവും കണ്ടതോടെ കരി ഓയില്‍ കലര്‍ന്നതായി സംശയമുണ്ടായി. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കരാറുകാരന്‍ എത്തി പരിശോധിച്ചപ്പോഴാണ് റോഡില്‍ വെള്ളക്കെട്ടില്‍ പൈപ്പ് പൊട്ടിയതായി കണ്ടെത്തി.

കഴിഞ്ഞ ദിവസം ഇവിടെ റോഡില്‍ കുഴിയടക്കല്‍ നടന്നിരുന്നു. പൊട്ടിയ പൈപ്പിലൂടെ ഈ സമയത്ത് രാസവസ്തു വെള്ളത്തില്‍ കലര്‍ന്നതാവുമെന്നാണ് സംശയം. സമീപത്ത് പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നതും നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി.

വൈക്കത്തുനിന്നും വെച്ചൂര്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിലും ഈ രാസമാലിന്യം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ , റോഡ് പൊളിച്ച് പരിശോധന വേണ്ടതിനാല്‍ കാലതാമസമുണ്ടാവുമെന്നാണ് അധികൃതരുടെ വിശദീകരണം. അതുവരെ കുടിവെള്ളം മുട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Related posts

Leave a Comment