മാരകായുധങ്ങളുമായി വീട് കൊള്ളയടിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിച്ച് വൃദ്ധ ദമ്പതികള്‍ ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു

മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയ കള്ളന്മാരെ അടിച്ചോടിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാവുന്നു. പിന്നിലൂടെ എത്തി കള്ളന്‍ തോര്‍ത്ത് ഉപയോഗിച്ച് കസേരയിലിരുന്ന ഗൃഹനാഥന്റെ കഴുത്തില്‍ കുരുക്കിടുന്നതും ഈ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഭാര്യ വീടിനുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് വടിവാളുകളുമായി മുഖം മറച്ചെത്തിയ കള്ളന്മാരെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് അടിച്ചോടിക്കുകയാണ്. ഷണ്‍മുഖവേല്‍(70) എന്ന വൃദ്ധന്‍ തന്റെ തിരുനെല്‍വേലിയിലെ ഫാം ഹൗസില്‍ ഇരിക്കവെയാണ് സംഭവം നടന്നത്.

അദ്ദേഹത്തിന്റെ ഭാര്യ സെന്താമരൈയും ഒപ്പമുണ്ടായിരുന്നു. കള്ളന്മാരുടെ ആക്രമണത്തില്‍ സെന്താമരൈയുടെ വലത് കൈക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നാല് പവനുള്ള സെന്താമരെയുടെ സ്വര്‍ണമാല കള്ളന്മാര്‍ കൈക്കലാക്കി. വൃദ്ധ ദമ്പതികള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നതെന്നും പോലീസ് പറയുന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഫേസ്ബുക്കിലൂടെ വളരെ പെട്ടെന്നാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് വൃദ്ധ ദമ്പതികളുടെ ധീരോദാത്തമായ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Related posts