കോട്ടയം: ഓണത്തിന് ഞാലിപ്പൂവന് പഴം തിന്നണമെങ്കില് കാശ് നന്നായി മുടക്കണം. കഴിഞ്ഞ വര്ഷം ഓണത്തിന് ഏത്തക്കായ വിലയാണ് നൂറിനോട് അടുത്തെങ്കില് ഇക്കൊല്ലം ഞാലിപ്പൂവനാണ് താരം. 90-100 രൂപയിലേക്ക് കുതിച്ചിരിക്കുന്നു ഞാലിപ്പൂവന് പഴം. ഏത്തയ്ക്ക പച്ചയ്ക്ക് 50, പഴം 60. റോബസ്റ്റ കിലോയ്ക്ക് 40-45 രൂപയായി. പാളയംകോടന് 30ല് തുടരുന്നു.
ഓണം അടുത്തതോടെ പച്ചക്കറി വില ഇന്നലെ മുതല് ഉയരുകയാണ്. നാളെയും ഉത്രാടത്തിനും പച്ചക്കറി ഇനങ്ങളുടെ വില കുതിച്ചു കയറും. അച്ചിങ്ങ, മാങ്ങ, കോവയ്ക്ക വിലയിലാണ് വില കയറ്റം. അവിയല് കിറ്റ് വിലയിലും വര്ധനയുണ്ട്. ചേന, ചേമ്പ്, കാച്ചില് വിലയും കൂടി.
നാളികേരം, വെളിച്ചെണ്ണ വില ഓണനാളുകളില് പിടിച്ചു നിറുത്തുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പ്രയോജനപ്പെട്ടില്ല. നാളികേരം വില വീണ്ടും 80 കടന്നു. വെളിച്ചെണ്ണ ചില്ലറ വില 450 ല് തുടരുന്നു. തമിഴ്നാട്ടില്നിന്നു വലിയ തോതിലാണ് പച്ചക്കറി, പഴം ഇനങ്ങള് ഇന്നലെ മുതല് വന്നുകൊണ്ടിരിക്കുന്നത്. തേനി, മേട്ടുപ്പാളയം, കമ്പം എന്നിവിടങ്ങളില്നിന്നാണ് ലോറികളുടെ വരവ്.