കൊച്ചി: ഓണക്കാല അവധി ആഘോഷിക്കാന് മറ്റെവിടേയ്ക്കെങ്കിലും പോകാന് ആഗ്രഹമുള്ളവരാണ് ഏറെപ്പേരും. എന്നാല് ദിവസങ്ങളോളം വീട്ടില് നിന്ന് മാറി നിന്നാല് തിരിച്ചെത്തുമ്പോള് ആളില്ലാത്ത വീട്ടില് നിന്ന് വില പിടിപ്പുള്ളതെന്തെങ്കിലും നഷ്ടമാകുമോയെന്ന ഭയമാണ് പലര്ക്കും. ഇതിനെല്ലാം ഒരു പരിഹാരം നല്കുകയാണ് കേരള പോലീസ്.
അതേ, നിങ്ങള് ഓണക്കാലത്ത് വീട് പൂട്ടി യാത്ര പോകുകയാണോ? എന്നാല് ധൈര്യമായി കേരള പോലീസിനെ വിവരം അറിയിച്ചോളൂ. നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. പോലീസിന്റെ ഔദ്യോഗിക മൊബൈല് ആപ്പ് ആയ പോല് ആപ്പിലെ “Locked House Information’ സൗകര്യം ഇതിനായി വിനിയോഗിക്കാം.
വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില് പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്വാസികളുടെയോ പേരും ഫോണ് നമ്പറും എന്നിവ ആപ്പില് നല്കണം. ഗൂഗിള്പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല് ആപ്പ് ലഭ്യമാണ്.