എല്ലാ ഉത്സവങ്ങളുടെയും അവിഭാജ്യ ഘടകമാണ് നല്ല ഭക്ഷണം. പ്രത്യേകിച്ചും ഓണത്തിനു കൊയ്ത്തുത്സവത്തിന്റെ മാനം കൂടിയുള്ളതിനാൽ വിഭവസമൃദ്ധമായ സദ്യ ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്. കുബേര കുചേല വ്യത്യസമില്ലാതെ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങൾക്കും ഓണസദ്യ പ്രിയങ്കരം.
കുടുംബബന്ധങ്ങൾ തേച്ചുമിനുക്കി തിളക്കമാർന്നതാക്കുന്നതിനുള്ള അവസരം കൂടിയാണ് ഓണം. പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന അവസരമായും ഓണം മാറുന്നു. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം തയാറാക്കി കഴിക്കുന്പോൾ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നു.
ണ്ടൊക്കെ സദ്യയെന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങളിലായിരുന്നു. ഇന്നു കാലം മാറിയപ്പോൾ ദിവസവും സദ്യ വിളന്പുന്ന ഹോട്ടലുകൾ നാട്ടിൽ പലയിടങ്ങളിലുമായി. മിക്കപ്പോഴും ഭക്ഷണം ഒന്നു രണ്ടു കറികളിലൊതുങ്ങുന്പോൾ ഓണത്തിനാണ് വിഭവസമൃദ്ധമായി നാം ആഹാരം കഴിക്കുന്നത്. ഇപ്പോൾ എന്തു വിശേഷത്തിനും സദ്യ ഒഴിവാക്കാനാകാതെ വന്നിരിക്കുന്നു.
ഭക്ഷണം ഷഡ്രസപ്രധാനം
ഓണസദ്യയെന്നതു നമ്മുടെ ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം പൂർവികരായ ആചാര്യന്മാർ വിഭാവന ചെയ്തതാണ്. ഷഡ്രസപ്രധാനമാണ് നമ്മുടെ ഭക്ഷണമെന്നു പറയാറുണ്ട്. മധുരം, എരിവ്, ഉപ്പ്, കയ്പ്, ചവർപ്പ്, പുളി..എന്നീ ആറു രസങ്ങളും ഓണസദ്യയിലുണ്ട്. ഈ ആറു രസങ്ങളും ചേർന്ന
ഭക്ഷണത്തെ ഒന്നാംതരം ഓണസദ്യയെന്നു
പറയാം.
ഓണസദ്യ സമീകൃതാഹാരം
ഓണസദ്യ സമീകൃതാഹാരമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എല്ലാത്തരം പച്ചക്കറികളിൽ നിന്നുമുള്ള പോഷകങ്ങൾ ഓണസദ്യയിൽ നിന്നു ലഭിക്കും. ആവശ്യത്തിനു കാർബോഹൈഡ്രേറ്റും പ്രോട്ടീനുമുണ്ട്. പച്ചക്കറികൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ അതിൽ നിന്നു ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നിവയും ശരീരത്തിനു കിട്ടുന്നു.
അടുത്ത തലമുറയുടെ ആരോഗ്യം മനസിൽ കണ്ടാണ് ഓണസദ്യയിൽ വിഭവങ്ങളുടെ നീണ്ടനിര. ഓരോ വിഭവവും പരസ്പരം ബന്ധപ്പെിരിക്കുന്നു. ചോറുവിളന്പിയ ശേഷം ഒഴിക്കുന്ന പരിപ്പിനൊപ്പം പപ്പടവും നെയ്യും. എല്ലാം പരസ്പരപൂരകങ്ങൾ. ശരീരപോഷണത്തിന് ആവശ്യമായതെല്ലാം ഓണസദ്യയിലുണ്ട്.
തൂശനിലയിലെ കുത്തരിച്ചോറ്
ഓണസദ്യ വിളന്പുന്ന ഇലയ്ക്കു പോലും പ്രത്യേകതയുണ്ട്. കഴുകിയെടുത്ത തൂശനിലയിലാണു സദ്യ വിളന്പുന്നത്. അധികം മുറ്റാത്ത തളിരിലയിൽ ചൂടു ചോറു വീഴുന്പോൽ ഇലയിൽ നിന്നു ചില വിറ്റാമിനുകളും ക്ലോറോഫിലും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലെത്തും. അലുമിനിയത്തിന്റെയും ചെന്പിന്റെയും അംശം അല്പം പോലും കലരാത്ത ഭക്ഷണം എന്ന പ്രത്യേകതയും തൂശനിലയിൽ സദ്യയുണ്ണുന്പോൾ കിട്ടും. അലുമിനിയം ഫോയിലിലും പ്ലാസ്റ്റിക് കോട്ടിംഗ് പേപ്പറുകളി ലും പ്ലാസ്റ്റിക് ഇലകളിലും ഭക്ഷണം കഴിക്കുന്ന പതിവുകളിൽ നിന്ന് പലർക്കും ഓണനാളുകൾ മോചനം നല്കും.
തവിടിനു വിറ്റാമിൻ ബി കോംപ്ലക്സ്
സദ്യയിൽ പ്രധാനം കുത്തരിച്ചോറു തന്നെ. തവിടു കളയാത്ത കുത്തരിച്ചോറ്. കുത്തരിച്ചോറിൽ നിന്നു കാർബോഹൈഡ്രേറ്റ് കിട്ടുന്നു. തവിടുകളയാത്തതിനാൽ അതിൽ നിന്നു വിറ്റാമിൻ ബി കോപ്ലക്സും കിട്ടും.
മഴവിൽ അഴകോടെ കറികൾ
ഓണസദ്യ വിളന്പുന്നതിനു പോലും ഏറെ പ്രത്യേകതകളുണ്ട്. നഗരത്തിലെ തിരക്കുകൾക്കു വിടനല്കി ഓണനാളുകളിൽ നാട്ടിൻപുറത്തെ ബന്ധുവീടുകളിലെത്തുന്പോൾ പലപ്പോഴും കൊച്ചുകുട്ടികൾ ഏറെ കൗതുകത്തോടെ സദ്യ വിളന്പുന്നതു നോക്കി നിൽക്കാറുണ്ട്. കൃത്രിമമായി നിറങ്ങൾ ചേർക്കാതെ തന്നെ മഴവിൽ അഴകുള്ള കറികൾ തൂശനിലയിൽ തെളിയുന്ന കാഴ്ച നയനാമൃതം തന്നെ. മാങ്ങഅച്ചാർ ചുവപ്പുനിറം, കിച്ചടി വെള്ള നിറം, ബീറ്റ്റൂട്ട് കിച്ചടി പിങ്ക് നിറം, കാബേജ് തോരൻ മഞ്ഞ നിറം… എന്നിങ്ങനെ സ്വാഭാവിക നിറങ്ങളിലുള്ള കറികൾ ഓണസദ്യയെ വർണാഭമാക്കുന്നു. പല നിറങ്ങളിലുള്ള പച്ചക്കറികളും ഇലക്കറികളും പഴങ്ങളും സമ്മാനിക്കുന്ന പോഷകങ്ങൾ ആരോഗ്യജീവിതത്തിനു മുതൽക്കൂട്ടാകുന്നു.
ബുദ്ധിവികാസത്തിനു പരിപ്പും നെയ്യും
പരിപ്പും നെയ്യും കുട്ടികൾക്കു രുചിയും കൗതുകവും സമ്മാനിക്കുന്നതിനൊപ്പം അവരുടെ ബുദ്ധിവികാസത്തിനു സഹായകമായ പോഷകങ്ങളുംനല്കുന്നു. പരിപ്പിൽ നിന്നു കിട്ടുന്ന പ്രോട്ടീനും നെയ്യിൽ നിന്നു കിട്ടുന്ന മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡ്സും(സാച്ചുറേറ്റഡ് ഫാറ്റ്) കുട്ടികളുടെ ബുദ്ധിവികാസത്തിന് അവശ്യം. പണ്ടുള്ളവർ പരിപ്പും നെയ്യും ചേർത്തു കുട്ടികൾക്കു ചോറു കൊടുത്തിരുന്നത് വെറുതേയല്ലെന്ന് മനസിലായില്ലേ. ഇത്തരം ശാസ്ത്രീയ വശം കൂടി അറിയുന്പോൾ വാസ്തവത്തിൽ സദ്യയുടെ മഹത്വം ഒന്നുകൂടി മെച്ചപ്പെടുകയാണു ചെയ്യുന്നത്.
സാമ്പാർ നന്നായാൽ സദ്യ നന്നായി
പരിപ്പും നെയ്യും കഴിഞ്ഞാൽ പിന്നെ സാമ്പാർ. കറികളിൽ പ്രധാനിയാണു സാന്പാർ. സന്പാർ നന്നായാൽ സദ്യ നന്നായി എന്നാണു പറയാറുള്ളത്. പരിപ്പും മറ്റു പച്ചക്കറികളും ചേർന്ന സാന്പാറിലൂടെ ശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളും കിട്ടും. ഇലക്കറി കൊണ്ടുള്ള തോരൻ, നീളത്തിൽ മുറിച്ച പച്ചക്കറികൾ കൊണ്ടു തയാറാക്കുന്ന അവിയൽ എന്നിവയിൽ നിന്നെല്ലാം ധാരാളം നാരുകളും വിറ്റാമിനുകളും ശരീരത്തിനു കിട്ടും. പലതരം പച്ചക്കറികൾ ചേർത്ത വിഭവങ്ങൾ ഭക്ഷണക്രമത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യജീവിതത്തിനു സഹായകം. സാന്പാറും അവിയലും കഴിക്കുന്പോൾത്തന്നെ നമുക്ക് അവശ്യം വേണ്ട പോഷകങ്ങൾ സ്വന്തമാക്കാം.
പയറിലും പരിപ്പിലും പ്രോട്ടീൻ
പയറും പച്ചക്കറിയും ചേർത്തുണ്ടാക്കുന്ന എരിശേരി, അധികം മൂപ്പെത്താത്ത കുന്പളങ്ങയും വൻപയറും ചേർത്തുണ്ടാക്കുന്ന ഓലൻ എന്നിവയും രുചിയിലും ഗുണത്തിലും മുൻപന്തിയിൽത്തന്നെ. പയറിലൂടെയും പരിപ്പിലൂടെയും ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കും.
ശുദ്ധീകരണത്തിന് ഓലൻ
ഓലൻ എരിവു കുറഞ്ഞ വിഭവമായതിനാൽ കുട്ടികൾക്കും ഏറെയിഷ്ടം. പണ്ടു നാട്ടിൻപുറങ്ങളിൽ ചെറിയ നെയ്ക്കുന്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാർക്കറ്റിൽ നിന്നു തടിയൻ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുന്പളങ്ങയിൽ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങൾക്കും നെയ്ക്കുന്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുർവേദം പറയുന്നു.
ശരീരത്തിന് ക്ലെൻസിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുന്പളങ്ങ; ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളുന്നതിനു സഹായകമെന്നു ചുരുക്കം.
മോരും രസവും ദഹനത്തിന്
ഇഞ്ചിയും പുളിയും ചേർത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുന്പോഴാണു സദ്യയിൽ രസവും മോരും വിളന്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേർന്നുവരുന്പോൾ അത് ഒൗഷധക്കൂട്ടു പോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു.
അവസാനം രസവും മോരും കുടിച്ചാൽ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങൾ.പായസത്തിൽ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവർപ്പ്.. ഷഡ്രസങ്ങൾ ഓണസദ്യയിൽ പൂർണമാകുന്നു.
ഓണസദ്യയിലെ തെക്കനും വടക്കനും
ഓണസദ്യയിൽ പിന്നെയുള്ളതു കൂട്ടുകറി. വടക്കൻ മലബാറിൽ എല്ലാ പച്ചക്കറികളും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാൽ തെക്കൻ കേരളത്തിൽ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേർത്താണ് കൂട്ടുകറി തയാറാക്കുന്നത്.
വടക്കൻ കേരളത്തിൽ ഓണസദ്യയിൽ ചിക്കൻ ഉൾപ്പെടെയുള്ള നോണ് വെജും വിളന്പും. തെക്കൻ കേരളത്തിൽ ഓണസദ്യ ശുദ്ധ വെജിറ്റേറിയൻ.
ഓണസദ്യ പോഷകസമൃദ്ധം
പച്ചക്കറികളിൽ നിന്നു ലഭിക്കുന്ന ആൻറിഓക്സിഡൻറുകളും സൂക്ഷ്മപോഷകങ്ങൾ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയൻറുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകിൽ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകൾ. മഞ്ഞളിൽ നിന്ന് കുർക്യുമിൻ. ചുരുക്കത്തിൽ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.
ഓണസദ്യ സാത്വികം
സസ്യാഹാരത്തിന്റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നമുക്കറിയാം. അതിനാൽ കേരളത്തിൽ, പ്രത്യേകിച്ചു തെക്കൻ കേരളത്തിൽ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളന്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങൾ. സാത്വിക് ഡയറ്റ് എന്നാൽ ജെന്റിൽ എന്നർഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓർക്കുമല്ലോ.
വിവരങ്ങൾ:
ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് ആൻഡ്
ഡയറ്റ് കൺസൾട്ടന്റ്
