ഓണ്‍ലൈന്‍ പെണ്‍വാണിഭം സൈറ്റുകള്‍ കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു ! ഇത്തവണ രംഗത്തിറങ്ങിയിരിക്കുന്നത് കിടിലന്‍ പേരുകളില്‍; സിനിമ സീരിയല്‍ നടിമാര്‍ ലഭ്യമെന്ന് പരസ്യം…

ഓപ്പറേഷന്‍ ബിഗ്ഡാഡിയെന്ന പ്രത്യേക പദ്ധതിയിലൂടെ സംസ്ഥാനത്ത് നിരവധി വമ്പന്‍ പെണ്‍വാണിഭ സംഘങ്ങളാണ് കുടുങ്ങിയത്. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്ത് ഇത്തരം സംഘങ്ങള്‍ക്ക് കുറവില്ലെന്നു തെളിയിക്കുകയാണ് പുതിയ വിവരങ്ങള്‍. ലുക്ക് ഔട്ട് ഗേള്‍സ്, ഹാപ്പി, ഹാപ്പി എന്‍ഡിംഗ്സ് എന്നീ പേരുകളിലെ അശ്ലീല സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളുടെ ഇടപാടുകള്‍ പൊടിപൂരമായി നടക്കുകയാണ്. പലപ്രാവശ്യം പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധരായവര്‍ തന്നെയാണ് പുതിയ സൈറ്റുകള്‍ക്ക് പിന്നിലും എന്നാണ് സൂചന. ചില സൈറ്റുകളില്‍ സിനിമ സീരിയല്‍ നടിമാരുടെ മുഖ ചിത്രവും ചേര്‍ത്തിട്ടുണ്ട്. മല്ലു മൂവി ആക്ട്രസ് അവെയ്‌ലബിള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.

നേരത്തെ ചുംബനസമര നായകനും ഭാര്യയും പെണ്‍വാണിഭത്തിന്റെ പേരില്‍ പിടിയിലായതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നത്. പിന്നീട് വരാപ്പുഴ പെണ്‍വാണിഭ കേസില്‍ പ്രതി ജോഷി ജോസഫും മകന്‍ ജോയ്സ് ജോസഫും ഉള്‍പ്പെടെ നിരവധിപേര്‍ പിടിയിലായതോടെ പിന്നീട് നിരവധി പേര്‍ പോലീസ് വലയില്‍ പെട്ടു. ഇതോടെ കുപ്രസിദ്ധ പെണ്‍വാണിഭ സംഘങ്ങള്‍ ഒന്ന് ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ സംഘങ്ങള്‍ തന്നെ സജീവമാകുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.

ആവശ്യക്കാര്‍ക്ക് എവിടെയും ആള്‍ക്കാരെ എത്തിച്ച് കൊടുക്കുമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഉണ്ടെന്നുമാണ് സൈറ്റുകളിലെ വിവരം. സിനിമ സീരിയല്‍ താരങ്ങളുടെയും വിദേശികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിച്ച് അതിന് താഴെ കമന്റിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. വളരെ മോശമായ ഭാഷയാണ് ഇത്തരം അടിക്കുറിപ്പുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഫോണ്‍ കോളുകളിലൂടെയും വാട്സ്ആപ്പ് സന്ദേശത്തിലൂടെയുമാണ് ഇടപാടുകള്‍ കൂടുതലായും നടക്കുന്നത്.

നേരത്തെ ലൊക്കാന്റോ, എസ്‌കോര്‍ട്ട് ട്രിവാന്‍ഡ്രം എന്നീ പേരുകളിലുള്ള സൈറ്റുകളിലൂടെയായിരുന്നു കൂടുതലായും പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത് പോലീസ് നിരീക്ഷിക്കുകയും മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പിടിയിലാവുകയും ചെയ്തതോടെ ഈ സൈറ്റുകളിലൂടെയുള്ള വാണിഭം കുറഞ്ഞു. എന്നാല്‍ ആകര്‍ഷകമായ പേരില്‍ പുതിയ സൈറ്റുകള്‍ക്ക് രൂപം നല്‍കിയാണ് സംഘം ഇപ്പോള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

Related posts