സാരി നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

 

സാരി നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടി. എന്റെ അടുക്കല്‍ വരുന്നവരെ അങ്ങനെ കാണാന്‍ എനിക്കാകില്ല. ഞാനവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. ഇന്നയാള്‍ എന്ന നിലയില്‍ ഞാന്‍ അവരെ മനസ്സിലാക്കിയിരുന്നില്ല. ബിജു രാധകൃഷ്ണന്‍ പറഞ്ഞപ്പോഴാണ് സരിതയെന്ന ആളെക്കുറിച്ച് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്. അവര്‍ വരികയും നിവേദനം തരികയും ചെയ്തിട്ടുണ്ടാകും. പക്ഷേ ഇന്നയാള്‍ എന്ന നിലയില്‍ അറിയുമായിരുന്നില്ല.ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശ്വാസമാണ് തന്റെ ശക്തി. അന്തിമ വിധി വരുമ്പോള്‍ തലയുയര്‍ത്തിത്തന്നെ നില്‍ക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രമേശ് ചെന്നിത്തല നിയമസഭയില്‍ തന്റെ പേരുപറഞ്ഞത് എന്തോ നീക്കത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് കണ്ടു. ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ എന്റെ പേരു പറഞ്ഞതാണ്. രമേശുമായി ബന്ധപ്പെട്ട് ഒരാക്ഷേപവും കേട്ടു. ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്നു വരുത്താനുള്ള നീക്കമൊന്നും വിജയിക്കില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന അച്യതാനന്ദന്റെയും മറ്റു മന്ത്രിമാരുടെയും ചിത്രം ഉള്‍പ്പെടുത്തി ടീം സോളാര്‍ നല്‍കിയ പരസ്യം ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ കാണിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എന്തെങ്കിലും ആനുകൂല്യം ഇവര്‍ക്ക് കിട്ടിയെന്ന് കമ്മീഷന് തെളിയിക്കാനായോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

 

Related posts