പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ! എംപി സ്ഥാനം രാജിവയ്ക്കും; കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാവുമോ ?

പി.കെ കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ ? കഴിഞ്ഞ കുറേ നാളുകളായി കേരളം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണിത്.

ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും തീരുമാനിച്ച സാഹചര്യത്തില്‍ ഈ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുമെന്നുറപ്പാണ്.

യുഡിഎഫില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുവെന്നും മുസ്ലിംലീഗ് ശക്തിപ്രാപിക്കുന്നുവെന്നുമുള്ള വിലയിരുത്തലാണ് കുഞ്ഞാലിക്കുട്ടിയെ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി ലഭിച്ചെങ്കിലും മുസ്ലീംലീഗിന്റെ കോട്ടകളില്‍ അവര്‍ക്ക് കാര്യമായ ക്ഷീണം സംഭവിച്ചില്ലെന്ന് ശ്രദ്ധേയമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതെരഞ്ഞെടുപ്പും വരും വിധമാകും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി നല്‍കുക. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് താന്‍ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗിനെ സിപിഎം വേര്‍തിരിഞ്ഞ് ആക്രമിക്കുകയും വര്‍ഗീയ പാര്‍ട്ടിയെന്ന് മുദ്ര കുത്തുകയും ചെയ്യുന്നതിനെതിരെ ക്യാംപെയ്ന്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.

മതനിരപേക്ഷകരായി സ്വയം അവകാശപ്പെടുന്ന സിപിഎം മറുഭാഗത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഉള്‍പ്പടെയുള്ള കക്ഷികളുമായി ചേര്‍ന്നാണ് മത്സരിച്ചത്.

ഈ ഇരട്ടത്താപ്പ് പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നു കാട്ടാനാണ് ലീഗ് പദ്ധതിയിടുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാല്‍ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറിമറിയുമെന്നുറപ്പാണ്.

Related posts

Leave a Comment