ഓസ്‌ട്രേലിയയില്‍ വാക്‌സിന്‍ എടുത്തവര്‍ ‘എച്ച്ഐവി പോസിറ്റിവ്’! കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു; വാക്‌സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്ന് കമ്പനി…

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ തെറ്റായ എച്ച്ഐവി പരിശോധനാ ഫലം കണ്ടതിനെത്തുടര്‍ന്നാണിത്.

ക്വീന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്.

വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

ശരീരത്തില്‍ മറ്റു പാര്‍ശ്വ ഫലങ്ങളൊന്നും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു.

എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്ഐവി പരിശോധനയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ചിലരില്‍ ഇത് തെറ്റായ ഫലം നല്‍കുന്നു.

ഹ്യൂമണ്‍ ഇമ്യൂണോ വൈറസിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലെങ്കിലും എച്ച്ഐവി പോസിറ്റിവ് റിസല്‍ട്ട് ഉണ്ടാകാന്‍ ആന്റിബോഡികള്‍ കാരണമാവുന്നുണ്ട്.

അതുകൊണ്ടുതന്നെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വയ്ക്കുകയാണ്. വാക്സിന്‍ വിതരണം ചെയ്താല്‍ ആരോഗ്യമേഖല താളം തെറ്റുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ ഫയലിംഗില്‍ കമ്പനി അറിയിച്ചു.

ഓസ്ട്രേലിയന്‍ ആരോഗ്യമേഖല അതീവ ജാഗ്രതയോടെയാണ് മുന്നോട്ടുപോവുന്നത് എന്നതിനു തെളിവാണ് പരീക്ഷണം ഉപേക്ഷിക്കാനുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അഭിപ്രായപ്പെട്ടു.

വേഗത്തില്‍, എന്നാല്‍ കരുതലോടെയാണ് ഗവേഷണം നടക്കുന്നത്. പരീക്ഷണം ഉപേക്ഷിച്ചതില്‍ അതിശയിക്കാനില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ വാക്സിന്‍ തന്നെ പരിഷ്‌കരിച്ച് പരീക്ഷണം തുടരാനാവുമെങ്കിലും അതിനു സമയമില്ലെന്ന് ക്യൂന്‍സ്‌ലാന്‍ഡ് സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു.

അടിയന്തരമായി വാക്സിന്‍ വികസിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. അതുകൊണ്ടുതന്നെ കൂടുതല്‍ സമയമെടുക്കുന്ന നടപടികളിലേക്കു കടക്കില്ലെന്ന് വാക്സിന്‍ ഗവേഷണത്തിനു നേതൃത്വം നല്‍കിയ പോള്‍ യങ് പറഞ്ഞു.

Related posts

Leave a Comment