ന്യൂഡൽഹി: പാക് അധീന കാഷ്മീരിലെ ജനങ്ങൾക്ക് യുദ്ധസാഹചര്യം നേരിടാൻ പാക്കിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങളെ സ്കൂളുകളിലെ ക്യാന്പുകളിലേക്കു മാറ്റിയാണ് പരിശീലനം. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണസാധ്യത മുന്നിൽകണ്ടാണ് പാക്കിസ്ഥാന്റെ മുന്നൊരുക്കങ്ങൾ. അതിർത്തിയിലേക്ക് സൈനിക ഉപകരണങ്ങളെത്തിച്ച്, സേനാ വിന്യാസം കൂട്ടിയശേഷമാണ് പാക് അധീന കാഷ്മീരിൽ ജനങ്ങൾക്ക് പരിശീലനം നൽകുന്നത്.
ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ ജാഗ്രതയോടെ പെരുമാറേണ്ടത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. പ്രാഥമിക ചികിത്സ നൽകേണ്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട്. ഒപ്പം ഗ്രാമീണരോട് രണ്ടു മാസത്തെ ഭക്ഷണം കരുതിവയ്ക്കാനും പാക് സേന നിർദേശം നൽകിയിട്ടുണ്ട്. തുടർച്ചയായ ഒന്പതാം ദിവസവും നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി പിന്തുണ തേടി കൂടിക്കാഴ്ച നടത്തി. സൗദി, കുവൈറ്റ്, യുഎഇ അംബാസഡർമാരുമായുള്ള പ്രത്യേക കൂടിക്കാഴ്ചകളിൽ ആക്രമണത്തെക്കുറിച്ചുള്ള ഇസ്ലാമാബാദിന്റെ നിലപാട് ഷഹബാസ് വിശദീകരിച്ചു. ആക്രമണത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയെങ്കിലും ഷഹബാസ് ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. സൗദി അറേബ്യ ഉൾപ്പെടെയുള്ള സഹോദരരാജ്യങ്ങളോട് ഇന്ത്യയെ സമ്മർദത്തിലാക്കാനും സംഘർഷം ലഘൂകരിക്കാനും സമ്മർദം ചെലുത്താൻ ഷഹബാസ് അഭ്യർഥിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.