ന്യൂഡൽഹി: പാക്കിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ആവശ്യപ്പെട്ട് ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനോട് പാക്കിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ നടപടി കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കുന്നത്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്.
ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. അതേസമയം, ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് പാക്കിസ്ഥാൻ തയാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കി.