തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒൻപത് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് വിഴിഞ്ഞം പദ്ധതി സാക്ഷാത്കരിക്കാൻ കഴിഞ്ഞതെന്ന് സിപിഎം മുഖപത്രം. തുറന്നു വിശ്വകവാടം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ കോണ്ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിക്കുന്നു.
സംസ്ഥാന സർക്കാരും അദാനി പോർട്ടുമാണ് പദ്ധതിക്ക് വേണ്ടിയുള്ള വലിയ തുക ചെലവഴിച്ചത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് മാത്രമാണ് കേന്ദ്രസർക്കാരിൽ നിന്നു ലഭിച്ചത്. ഇതാകട്ടെ വായ്പയായിട്ടാണ് ലഭിച്ചത്. വാസ്തവം ഇതായിരിക്കെ കേരളത്തിലെ ബിജെപി നേതൃത്വം പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാരിന്റേതാണെന്ന് വരുത്താൻ അപഹാസ്യമായ പ്രചാരണമാണ് നടത്തുന്നത്.
പിൻവാതിലിലൂടെ ഉദ്ഘാടന വേദിയിൽ കയറി കൂടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും പാർട്ടി പത്രം നിശിതമായി വിമർശിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിക്കുന്നുണ്ട്.
.ഉദ്ഘാടന വേദിയിൽ ഇടം കിട്ടിയിട്ടും ചടങ്ങ് ബഹിഷ്കരിച്ചു. ക്രെഡിറ്റ് ലഭിക്കാത്തതിലുള്ള വിഷമവും അസൂയയുമാണ് സതീശനെന്നും കുറ്റപ്പെടുത്തുന്നു. സതീശൻ സ്വയം അപഹാസ്യനായി. കോണ്ഗ്രസ് എംഎൽഎ വിൻസന്റ്, ശശിതരൂർ എംപി. എന്നിവർ ചടങ്ങിൽ ആവേശപൂർവം പങ്കെടുത്തുവെന്നും പാർട്ടിപത്രം പറയുന്നു.