ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം ! പാക്കിസ്ഥാന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലേക്ക്; തൊട്ടതെല്ലാം പിഴച്ച് ഇമ്രാന്‍ ഖാന്‍

ഭീകരര്‍ക്ക് സഹായം നല്‍കി പണി വാങ്ങിച്ച് പാക്കിസ്ഥാന്‍. ഭീകരാക്രമണങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതില്‍ പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കരിമ്പട്ടികയില്‍ പെടുത്തുന്നതു സംബന്ധിച്ച തീരുമാനം യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പ്രഖ്യാപിക്കാനിരിക്കെയാണ് പാക്കിസ്ഥാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വരുന്നത്.

എഫ്എടിഎഫ് നല്‍കിയിരുന്ന 40 ഇന കര്‍മപദ്ധതി, സമയപരിധി അവസാനിക്കുന്ന ഒക്ടോബറിനുള്ളില്‍ നടപ്പാക്കി നില മെച്ചപ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ സമ്പൂര്‍ണ പരാജയമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം എഫ്എടിഎഫിനു ബോധ്യപ്പെട്ടാല്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. ഈ മാസം പാരിസില്‍ നടക്കുന്ന യോഗത്തിലാകും തീരുമാനം എടുക്കുക.

‘ഗ്രേ’ പട്ടികയിലുള്ളപ്പോള്‍ തന്നെ ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍, മൂഡീസ് പോലുള്ള റേറ്റിങ് ഏജന്‍സികള്‍ എന്നിവയുടെ നിരീക്ഷണത്തിലുള്ള പാക്കിസ്ഥാന് രാജ്യാന്തര വായ്പകളും മറ്റും ലഭിക്കുക ഇതോടെ കൂടുതല്‍ ദുഷ്‌കരമാകും. ലഷ്‌കര്‍ ഇ തൊയിബ, ഫലാഹി ഇന്‍സാനിയത് ഫൗണ്ടേഷന്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിനു 2018 ജൂണില്‍ പാക്കിസ്ഥാനെ ‘ഗ്രേ’ പട്ടികയില്‍ പെടുത്തിയിരുന്നു.

ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പാക്കിസ്ഥാന്‍ 450 പേജുള്ള രേഖകള്‍ യോഗത്തില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് എഫ്എടിഎഫ് പാക്കിസ്ഥാനു മേലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്കെതിരെയും ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ക്കെതിരെയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പാക്കിസ്ഥാനെ എഫ്എടിഎഫ് അറിയിച്ചു. ഇതോടെ പാക്കിസ്ഥാന്റെ കാര്യം കൂടുതല്‍ കഷ്ടത്തിലായി.

Related posts