പാലായില്‍ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിക്കെതിരേ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുക പി.സി. ജോര്‍ജിന്റെ മകന്‍? ഷോണിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിക്കും സമ്മതം, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന്‍ കൂടി എത്തുന്നതോടെ ത്രികോണ പോരാട്ടത്തിലേക്ക് പാല

കെ.എം. മാണി അന്തരിച്ചതിനാല്‍ ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തിലേക്ക് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് വരും. സമയം ഇനിയും ഏറെയുണ്ടെങ്കിലും മൂന്നു സ്ഥാനാര്‍ഥികളും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിന് അടുത്തെത്തി. കാര്യമായ അഭിപ്രായ ഭിന്നതകളില്ലാതെയാണ് മൂന്നുകൂട്ടരും പാല പിടിക്കാന്‍ അങ്കത്തട്ടിലിറങ്ങുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എം. മാണിയുടെ മരുമകളും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ എത്തും. കേരള കോണ്‍ഗ്രസിനും യുഡിഎഫിനും ഇക്കാര്യത്തില്‍ 100 ശതമാനം യോജിപ്പാണ്. എന്‍സിപിക്കുള്ള സീറ്റില്‍ മാണി സി. കാപ്പനെ പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തീരുമാനമായി. പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാകും ഇവിടെ മത്സരിക്കുക. ബിജെപിക്കും ഇക്കാര്യത്തില്‍ സമ്മതം.

യുവജനപക്ഷത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്. കെ.എം.മാണിയുടെ തട്ടകമായ പാലായില്‍ യുഡിഎഫിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഷോണിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പില്‍ കരുത്തുറ്റ പോരാട്ടമാവും പാലായില്‍ നടക്കുക. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഷോണ്‍ ജോര്‍ജ് എത്തുന്നതോടെ മത്സരത്തിന് വീറും വാശിയും കൂടും. ആദ്യകാലങ്ങളില്‍ പാലായില്‍ കെ.എം. മാണിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം കഴിഞ്ഞപ്രാവശ്യം കുറഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ജനപക്ഷം പാര്‍ട്ടി ബിജെപിയ്ക്ക് പൂര്‍ണ പിന്തുണ നല്കിയിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുതന്നെയാണ് ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്.

Related posts