പരവൂര്‍ വെടിക്കെട്ട് ദുരന്തം: കുറ്റപത്ര സമര്‍പ്പണത്തില്‍ തീരുമാനമായില്ല

vediketuuപരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരവൂര്‍ കോടതിയില്‍ എന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല.എന്നാല്‍ എത്രയും വേഗം കുറ്റപത്രം നല്‍കുന്നതിനുള്ള നടപടികള്‍ തിരുവനന്തപുരത്തെയും കൊല്ലം ആശ്രാമത്തെയും ക്രൈംബ്രാഞ്ച് ഓഫീസുകളിലും പരവൂരിലെ ക്രൈംബ്രാഞ്ചിന്റെ താത്കാലിക ക്യാമ്പ് ഓഫീസിലും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ പത്തിന് പുലര്‍ച്ചെ മൂന്നര കഴിഞ്ഞാണ് 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ അറസ്റ്റിലായ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്ക് നിയമപരമായി ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്.ഈ മാസം പത്തിന് ദുരന്തം നടന്നിട്ട് 90 ദിവസം തികയും. അതിനുമുമ്പ് കുറ്റപത്ര സമര്‍പ്പണം നടക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ക്രൈംബ്രാഞ്ച് എസ്പി ജി.ശ്രീധരനാണ് അന്വേഷണ ചുമതല. എഡിജിപി എസ്.അനന്തകൃഷ്ണന്‍ അടക്കമുള്ളവരുടെ കര്‍ശന മേല്‍നോട്ടത്തിലും അന്തിമ അനുമതിയും ലഭിച്ചശേഷമായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. ഇതിന് അല്‍പ്പംകൂടി കാലതാമസത്തിന് സാധ്യതയുണ്ട്. ആയിരത്തിലധികം പേരുടെ സാക്ഷിമൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 43 പ്രതികളുമുണ്ട്. വെടിക്കെട്ട് കരാറുകാരുടെ ജീവനക്കാരില്‍ ഏതാനും പേരെക്കൂടി പ്രതിയാക്കിയേക്കും.കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണ്. സര്‍ക്കാരും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചേക്കും.

വെടിക്കെട്ടിന് നിരോധനം ഉണ്ടായിട്ടും അത് ലംഘിച്ചതിന് സാക്ഷ്യം വഹിച്ച പോലീസ്-റവന്യൂ അധികാരികളെ പ്രതിചേര്‍ക്കാത്തതില്‍ കോടതി അതൃപ്തി പ്രകടപ്പിക്കുമോ എന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ദുരന്തം ഉണ്ടായപ്പോള്‍ ആദ്യം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പിന്നീടാണ് കൊലക്കുറ്റം കൂടി ചുമത്തിയത്. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ വെടിക്കെട്ട് അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കുകയുമുണ്ടായി.

Related posts