കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, നിസ്സാര വിലയ്ക്ക് കൊച്ചു പെണ്‍കുട്ടികളെയും ലഭിക്കും ! പട്ടിണിമാറ്റാന്‍ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത…

വിശപ്പിനു മുമ്പില്‍ എന്ത് ജാതി, എന്തു മതം എന്നൊക്കെ പറയാറുണ്ടെങ്കിലും ആവശ്യത്തിനു ഭക്ഷണം കിട്ടുന്ന സമയത്ത് നമ്മള്‍ ഇതെല്ലാം മറക്കാറുണ്ട്.

ഭക്ഷണമില്ലാതെ വിശന്നു വലയുമ്പോള്‍ വിശപ്പാണ് ഏറ്റവും വലിയ യാഥാര്‍ഥ്യമെന്ന് നാം തിരിച്ചറിയുമെന്നതിന് ദൃഷ് ടാന്തമാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ.

താലിബാനു കീഴില്‍ നരകജീവിതമാണ് ഈ ജനത നയിക്കുന്നത്. പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്.

നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍.

വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്.

ചിലപ്പോള്‍ കൂട്ടമരണം വരെ സംഭവിച്ചേക്കാം. അതോടൊപ്പം ഏകദേശം പത്തുലക്ഷത്തോളം കുട്ടികള്‍ അടിയന്തര ചികിത്സ ലഭിക്കാതെ മരണമടയാനുമുള്ള സാധ്യതയും ഏറെയാണ്.

ലക്ഷക്കണക്കിന് ഡോളര്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു മഹാദുരന്തം ഒഴിവാക്കാന്‍ കഴിയൂ എന്നും ഡബ്ല്യൂഎഫ്പി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാന്റെ ഫണ്ടെല്ലാം വിദേശബാങ്കുകളില്‍ മരവിപ്പിച്ച അവസ്ഥയിലുമാണ്.

കഴിഞ്ഞ ദിവസം കാബൂളില്‍ എട്ട് കുട്ടികളാണ് പട്ടിണികിടന്ന് മരണമടഞ്ഞത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരായിരുന്നു ഈ കുട്ടികള്‍.

അതുപോലെ ഹെരാത് നഗരത്തില്‍ കടം തീര്‍ക്കുവാനും ഭക്ഷണത്തിനുള്ള വക കണ്ടെത്താനുമായി അമ്മമാര്‍ കുട്ടികളെ വില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

ഒരു മഹാദുരന്തത്തിന്റെ വക്കിലാണ് അഫ്ഗാന്‍ എന്ന് വേള്‍ഡ് ഫുഡ് പ്രൊഗ്രാം ഡയറക്ടര്‍ ഡേവിഡ് ബീസ്ലി പറയുന്നു. പൊതുവേ ദരിദ്രമായിരുന്ന അഫ്ഗാനിസ്ഥാന്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തോടെ കൂടുതല്‍ ദുരിതത്തിലാഴുകയായിരുന്നു.

പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തുപോലും മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 40 ശതമാനത്തോളം വിദേശരാജ്യങ്ങളില്‍നിന്നുള്ള ധനസഹായമായിരുന്നു.

എന്നാല്‍, കോവിഡ് പ്രതിസന്ധിയും, ഒരൊറ്റ രാത്രിയില്‍ നടന്ന അട്ടിമറിക്ക് ശേഷം താലിബാന്‍ അധികാരം പിടിച്ചെടുത്തതും കാര്യങ്ങള്‍ മാറ്റിമറിച്ചു. കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ് ഇന്ന് അഫ്ഗാന്‍.

വിദേശങ്ങളില്‍ നിന്നുള്ള സഹായം നിലയ്ക്കുകയും അഫ്ഗാന്‍ കറന്‍സിയുടെ വില കുത്തനെ താഴോട്ട് പോവുകയും ചെയ്തതോടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നു.

തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്ത സാഹചര്യമായി. പല കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടി. കുടുംബങ്ങള്‍ക്ക് ഉള്ളതെല്ലാം വിറ്റുപെറുക്കി ജീവിതം മുന്നോട്ട് നീക്കേണ്ടുന്ന സാഹചര്യവുമായി.

ഈ ദുരന്തത്തിന്റെ പാരമ്യതയാണ് കാബൂളിലെ എട്ടു ശിശുക്കളുടെ പട്ടിണിമരണം സൂചിപ്പിക്കുന്നത്.ഈ കുട്ടികളുടെ പിതാവ് കാന്‍സര്‍ മൂലം മരണമടയുകയും അമ്മ ഹൃദ്രോഗത്തെ തുടര്‍ന്ന് മരിക്കുകയും ചെയ്തതോടെ അനാഥരായവരാണ് ഈ കുട്ടികളെന്ന് സമീപത്തെ ഒരു മോസ്‌കിലെ പുരോഹിതന്‍ പറഞ്ഞു.

എട്ടു കുട്ടികളും മരണമടഞ്ഞു. അവര്‍ പട്ടിണികിടന്ന് മരിക്കുകയായിരുന്നു എന്നത് വ്യക്തമാണെന്നും അയാള്‍ പറയുന്നു. അതിനിടയിലാണ് തനിക്ക് വായ്പ തന്ന ആളില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ ഒരു കുട്ടിയെ അയാള്‍ക്ക് നല്‍കേണ്ടിവരുമെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തുന്നത്.

40 കാരിയായ സലേഹ എന്ന സ്ത്രീ തങ്ങളുടെ കൃഷിയിടങ്ങളില്‍ കൃഷിയിറക്കാനാകാത്ത സ്ഥിതിവന്നപ്പോഴാണ് വൃദ്ധനായ ഭര്‍ത്താവിനേയും കുട്ടികളേയും സംരക്ഷിക്കാന്‍ വായ്പ വാങ്ങിയത്.

എന്തെങ്കിലും ജോലി ചെയ്ത് വായ്പ മടക്കി നല്‍കാം എന്നായിരുന്നു പ്രതീക്ഷ. ഇന്ന് ഹെരാത് നഗരത്തില്‍ വീടുകള്‍ ശുചീകരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവര്‍ക്ക് 70 സെന്റ് മാത്രമാണ് ലഭിക്കുന്നത്.

അതുകൊണ്ടു തന്നെ ഏകദേശം 550 ഡോളര്‍ വരുന്ന വായപ തിരിച്ചടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുകയാണവര്‍. വായ്പ എഴുതി തള്ളുന്നതിനായി തന്റെ മൂന്നു വയസ്സുള്ള മകള്‍ നജിബയെ നല്‍കാന്‍ ഒരുങ്ങുകയാണിവര്‍ ഇപ്പോള്‍.

ഇക്കാര്യം സ്ഥിരീകരിക്കുന്ന രീതിയിലാണ് സേവ് ദി ചില്‍ഡ്രന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഒരുനേരത്തേ ഭക്ഷണത്തിനായി പല അമ്മമാരും കുട്ടികളെ ബാലവേലയ്ക്ക് അയയ്ക്കുന്നതായോ വില്‍ക്കുന്നതായോ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തത്തിലൂടെയാണ് അഫ്ഗാന്‍ ജനത ഇപ്പോള്‍ കടന്നുപോകുന്നതെന്നും അവര്‍ പറയുന്നു. ഒരുകാലത്ത് ഗ്രാമീണമേഖലയില്‍ മാത്രം നിലനിന്നിരുന്ന ദാരിദ്യം ഇപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പുറമെ ശൈത്യകാലം കൂടി ആരംഭിച്ചതോടെ ദുരിതം കൂടുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും അത്യാവശ്യ ആഹാരം നല്‍കുവാന്‍ മാത്രം പ്രതിമാസം 220 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്നാണ് ഡബ്ല്യൂഎഫ്പി പറയുന്നത്.

വരള്‍ച്ചയാല്‍ കഷ്ടപ്പെടുന്ന ഗ്രാമങ്ങളെ സഹായിക്കുവാന്‍ മറ്റൊരു 211 മില്യണ്‍ ഡോളര്‍ കൂടി ആവശ്യമായി വരും. അതേസമയം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത താലിബാനികള്‍ അവരുടെ കാട്ടുഭരണം തുടരുകയാണ്.

അവര്‍ക്ക് ആവശ്യമുള്ളതെല്ലാം കിട്ടുന്നതിനാല്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരുടെ വിലാപങ്ങള്‍ അവഗണിച്ച് ക്രൂരതയുടെ പര്യായമായി അവര്‍ മുമ്പോട്ടു പോവുകയാണ്.

Related posts

Leave a Comment