സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന രംഗങ്ങള്‍ക്കെല്ലാം ഇപ്പോഴും കയ്യടി കിട്ടുന്നുണ്ട്! കസബ ഒരിക്കലും ന്യായീകരിക്കാനാവാത്ത ചിത്രം; ഐഎഫ്എഫ്‌കെയ്ക്ക് മുമ്പും പാര്‍വതി കസബയെ വിമര്‍ശിച്ചിട്ടുണ്ട്; അതിങ്ങനെ

കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി പാര്‍വതി നടത്തിയ വിമര്‍ശനം വിവാദമാവുകയും പിന്നീട് പലരും ഏറ്റുപിടിച്ച് വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ പാര്‍വതി ഇതിനുമുമ്പ് നടത്തിയ ഒരു പ്രസ്താവന വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഐഎഫ്എഫ്‌കെ വേദിയില്‍ വച്ച് ഈ പരാമര്‍ശം നടത്തുന്നതിന് മുമ്പും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പാര്‍വതി കസബ എന്ന ചിത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അന്ന് പാര്‍വതി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചായായിരുക്കുന്നത്.

അഭിമുഖത്തില്‍ പാര്‍വതി പറയുന്നതിങ്ങനെ…നടീനടന്മാര്‍ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ പലപ്പോഴും നിര്‍മാണകമ്പനികള്‍ വാനിറ്റിവാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളില്‍നിന്ന് മാറിയൊക്കെയുള്ള ഷൂട്ടിംഗുകളില്‍ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. ഈ വാനുകള്‍ അനുവദിച്ചിട്ടുള്ള അഭിനേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഇതുപയോഗിക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്കൊന്നും ടോയ്ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ല. വാനിന്റെഡ്രൈവര്‍മാരടക്കമുള്ളവര്‍ ഇതുപറഞ്ഞ് ആളുകളെ വിലക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. പൊതുവെ ഈ മേഖലയില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് പ്രകടമാണ്. മലയാളത്തിലെന്നല്ല, പൊതുവെ ഇതാണ് സ്ഥിതി. പ്രശസ്തരായവരോടും അല്ലാത്തവരോടുമുള്ള സമീപനം തികച്ചും വിഭിന്നമാണ്.

സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡറുകളായവരെയുമെല്ലാം അവമതിക്കുകയും അവഹേളിക്കുകയുമെല്ലാം ചെയ്യുന്ന ഇത്തരം മോശം സിനിമകളും ബോക്‌സ്ഓഫീസില്‍ വിജയിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകളും ഇതിനിടെ വലിയ ഹിറ്റുകളാകുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. അവയൊന്നും തന്നെ നമുക്ക് അഭിമാനിക്കത്തക്കതല്ല. ഉദാഹരണത്തിന് കസബ എന്ന സിനിമയില്‍ നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.

 

Related posts