ദുബായ്: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇരുപക്ഷവും സന്ദേശങ്ങളും കരടുരേഖകളും പരസ്പരം കൈമാറുന്നുണ്ടെന്നും, വൈകാതെ ധാരണയിലെത്തുമെന്നാണു പ്രതീക്ഷയെന്നും ഇറാൻ ഔദ്യോഗിക വക്താക്കൾ അറിയിച്ചു.
മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി നിലവിൽ ഇറാൻ സന്ദർശിക്കുന്നുണ്ട്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു പ്രധാന ചർച്ചാവിഷയം. എന്നാൽ, ചർച്ചകൾ അന്തിമ കരാറിലേക്കു നീങ്ങുമോ എന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഇസ്രയേലിനെ പ്രതിരോധിക്കുന്നതിനായി അമേരിക്ക തങ്ങളുടെ പക്കലുണ്ടായിരുന്ന അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വലിയ തോതിൽ ഉപയോഗിച്ചുതീർത്തിരുന്നു. ഈയൊരു നിർണായക സാഹചര്യത്തിലാണ് അമേരിക്ക ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും യുറേനിയം ശേഖരം, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ചർച്ചകളിൽ ശുഭസൂചനകളുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും, ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തുന്ന യാതൊരുവിധ ടോൾ സംവിധാനവും അംഗീകരിക്കില്ലെന്ന് റൂബിയോ കൂട്ടിച്ചേർത്തു.
