പെരുമൺ ദുരന്തത്തിന് ഇന്ന് 29 വർഷം; അഷ്ടമുടിക്കായലിൽ 1988 ജൂലൈ എട്ടിനാണ് 105 പേരുടെ ജീവൻ അപഹരിച്ച ടെയിൻ അപകടം ഉണ്ടായത് ; ദുരന്തത്തിന്‍റെ യഥാർഥ കാരണം ഇപ്പോഴും അജ്‌ഞാതം

peruman-train-accident-julyസ്വന്തം ലേഖകൻ

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 29 വർഷം. 1988 ജൂലൈ എട്ടിനാണ് 105 പേരുടെ ജീവൻ അപഹരിച്ച ടെയിൻ അപകടം അഷ്ടമുടിക്കായലിന് മുകളിലെ പെരുമൺ പാലത്തിൽ സംഭവിച്ചത്.സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് മരിച്ചവരിൽ കൂടുതൽ പേരും. ഇരുനൂറിലധികം പേർക്കാണ് പരിക്കേറ്റത്. ബാംഗളൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ഐലന്റ് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് മറിഞ്ഞ് അഷ്ടമുടി കായലിലേക്ക് പതിച്ചത്.

ദുരന്തത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അജ്‌ഞാതമായി തുടരുകയാണ്. അപ്രതീക്ഷിതമായി വീശിയടിച്ച ടൊർണാഡോ എന്ന ചുഴലിക്കാറ്റ് ആണ് ദുരന്തത്തിന് കാരണമായതെന്നാണ് റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തൽ.ഇത്ത് പ്രദേശവാസികളോ ട്രെയിൻ യാത്രികരോ റെയിൽവേ ഉദ്യോഗസ്‌ഥർ പോലുമോ വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെയൊരു ചുഴലിക്കാറ്റ് ഉണ്ടായതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് പോലും അനുഭവപ്പെട്ടതുമില്ല.

വർഷാവർഷം ദുരന്തസ്മരണകളുമായി പ്രദേശവാസികളും മരിച്ചവരുടെ ബന്ധുക്കളും പെരുമണിൽ ഒത്തുചേരും–മരിച്ചവരുടെ ഓർമ പുതുക്കാൻ. പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ അപകടം നടന്ന സ്‌ഥലത്തിന് സമീപം സ്മൃതി മണ്ഡപം സ്‌ഥാപിച്ചിട്ടുണ്ട്.

പെരുമൺ പേഴുംതുരുത്ത് ജങ്കാർ കടവിൽ പനയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മരിച്ചവരുടെ പേരുകൾ രേഖപ്പെടുത്തിയ സ്മൃതി മണ്ഡപവും നിർമിച്ചുണ്ട്.മറ്റ് സ്മാരകങ്ങൾ ഒന്നും നിലവിലില്ല. റെയിൽവേ അധികൃതർ ദുരന്തത്തെ പാടെ അവഗണിച്ച മട്ടാണ്. ഇത്തവണയും പ്രദേശത്തെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

പെരുമൺ തീവണ്ടി ദുരന്ത അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.കമ്മിറ്റി ചെയർമാൻ ഡോ.കെ.വി.ഷാജിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചിക്കൻപോക്സ് പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എം.മുകേഷ് എംഎൽഎ നിർവഹിക്കും.

മേയർ വി.രാജേന്ദ്രബാബു, പൗൾട്രി ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.പി.സുരേന്ദ്രൻ, സി.കെ.ചന്ദ്രബാബു, ഡോ. പി.ബാഹുലേയൻ, മങ്ങാട് സുബിൻ നാരായണൻ, ഡി.ശകുന്തള, ആർ.പി.പണിക്കർ, പെരുമൺ വിജയകുമാർ, പെരുമൺ ഷാജി, ജി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്സ്, കടപ്പായിൽ ഹോമിയോ നഴ്സിംഗ് ഹോം, കേരള പ്രതികരണ വേദി, അഞ്ചാലുമൂട് ഫ്രണ്ട്സ് ഒഫ് ബേർഡ്, കൺസ്യൂമേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകളാണ് അനുസ്മരണ കമ്മിറ്റിയിൽ ഉള്ളത്. ഇവരുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 28 വർഷമായി അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ച് വരികയാണ്.

പനയം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെരുമൺ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ചിട്ടുള്ള അനുസ്മരണ സമ്മേളനം രാവിലെ ഒമ്പതിന് എം.മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സി.ഷീല അധ്യക്ഷത വഹിക്കും.ഇതുകൂടാതെ വിവിധ സംഘടനകളും ദുരന്തവാർഷിക അനുസ്മരണ ചടങ്ങുകൾ നടത്തുന്നുണ്ട്. പുഷ്പാർച്ചന, സമൂഹപ്രാർഥന, അനുസ്മരണ സമ്മേളനം, അവാർഡുദാനം എന്നിവയാണ് പ്രധാന പരിപാടികൾ.

Related posts