തെരുവില്‍ നിന്നൊരു ഫൈറ്റ്മാസ്റ്റര്‍! സ്കൂളില്‍ പോകാത്ത, പത്താംവയസില്‍ ജോലിക്കിറങ്ങിയ ‘പുലിമുരുകന്‍’ ഫൈറ്റ്മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നിന്റെ ജീവിതത്തിലൂടെ

heinപീറ്റര്‍ ഹെയ്ന്‍. ഇപ്പോള്‍ ആ പേര് മലയാളികള്‍ക്ക് സുപരിചിതമായിരിക്കുന്നു. ഹോളിവുഡിലും കോളിവുഡിലും ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയ ഭാവം നല്കിയ സ്റ്റണ്ട് മാസ്റ്റര്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പൂര്‍ണത ഉണ്ടാകണമെങ്കില്‍ പീറ്റര്‍ ഹെയ്‌നിന്റെ സാന്നിധ്യം കൂടിയേ തീരുവെന്നാണ് സംവിധായകരുടെ പക്ഷം. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുമ്പോഴും പീറ്ററിന്റെ ജീവിതത്തിന് ഒരു മറുപുറമുണ്ട്. ദാരിദ്രത്തിന്റെ ബാല്യവും കൗമാരവും പിന്നിട്ട ഹെയ്‌നിന്റെ ജീവിതത്തിലൂടെ…

വിയറ്റ്‌നാമില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു പീറ്ററിന്റെ മുത്തച്ഛന്‍. അവിടെവച്ചാണ് പീറ്ററിന്റെ അച്ഛന്‍ മേരിയെന്ന വിയറ്റ്‌നാംകാരിയില്‍ അനുരകതനാകുന്നത്. പ്രണയം വിവാഹത്തിന് വഴിമാറി. അതോടെ വിയറ്റ്‌നാം വാസം അവസാനിപ്പിച്ച് കുടുംബം ചെന്നൈയിലേക്ക് വന്നു. എന്നാല്‍ ജീവിതം സുഖകരമായിരുന്നില്ല. ഹോട്ടലും സമ്പാദ്യവുമെല്ലാം നഷ്ടമായി. കുടുംബം ദാരിദ്രത്തിലേക്ക് പതിയെ വീണു. അതോടെ കൊച്ചു പീറ്ററിന് ജോലിക്ക് പോകേണ്ടിവന്നു. അതും പത്താംവയസില്‍. പുസ്തകങ്ങളും ബാഗുമൊക്കെയായി കൂട്ടുകാര്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ഹോട്ടലില്‍ തീന്‍മേശ തുടയ്ക്കുകയായിരുന്നു അവന്‍. വിശപ്പാണല്ലോ ഏറ്റവും വലിയ പാഠപുസ്തകം. ഹോട്ടല്‍ തൊഴിലിനൊപ്പം വെല്‍ഡിംഗ് ജോലിയും ചെയ്തു അവന്‍ കുടുംബം പുലര്‍ത്തി. ഒന്നുമില്ലായ്മയില്‍ നിന്ന് കരകയറാന്‍ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. രാത്രികളില്‍ അടുത്തുള്ള തെരുവില്‍ തട്ടുകടയില്‍ ചായ അടിക്കാന്‍ പോയി.

യൗവ്വനം പടിവാതിക്കലെത്തിയപ്പോള്‍ മെഡിക്കല്‍ റെപ്രസിന്റേറ്റീവിന്റെ ജോലിയിലേക്ക് പീറ്റര്‍ മാറി. അക്കാലത്ത് പീറ്ററിന്റെ അച്ഛന്‍ തമിഴ് സിനിമകളില്‍ സ്റ്റണ്ട്മാനായി പോകുമായിരുന്നു. വിയറ്റ്‌നാമില്‍വച്ച് ആയോധനകല പഠിച്ചതിന്റെ ഗുണമെന്നുപറയാം. ഒരിക്കല്‍ വിജയകാന്ത് നായകനായ തലൈവന്‍ സിനിമയുടെ ഷൂട്ടിംഗ് ഒരു കപ്പലില്‍ നടക്കുന്നു. ഒരു കപ്പലിലാണ് ഷൂട്ടിംഗ്. മലേഷ്യന്‍ പശ്ചാത്തലത്തിലുള്ളതാണ് കഥ. ചൈനക്കാരുടെ മുഖസാദൃശ്യമുള്ള ആളുകളെ ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളായി വേണം. അങ്ങനെ പീറ്ററും സിനിമയിലെത്തി. അതോടെ അച്ഛന്റെ ആശീര്‍വാദത്തോടെ പീറ്റര്‍ സ്റ്റണ്ട്മാന്റെ തൊഴില്‍ ഏറ്റെടുത്തു. പിന്നെ നടന്നതെല്ലാം ചരിത്രം.

കോടികള്‍ പ്രതിഫലം വാങ്ങുന്ന പീറ്റര്‍ യന്തിരന്‍, ഏഴാം അറിവ് അടക്കം അടുത്തിടെ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെയെല്ലാം ആക്ഷന്‍ കൊറിയോഗ്രാഫറായിരുന്നു. സ്വന്തം ബാനറില്‍ ഒരു കുടുംബചിത്രം ഇറക്കാനുള്ള ശ്രമത്തിലാണ് പീറ്റര്‍ ഹെയ്ന്‍.

Related posts