പിണറായിയും കൈയ്യൊഴിഞ്ഞതോടെ ബിന്ദുവിനും തൃപ്തി ദേശായിക്കും ഇനിയാര് ! അയ്യപ്പനെ കാണുക തന്നെയാണോ ഇവരുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ സിപിഎം നിലപാട് ഏറെക്കുറെ വ്യക്തം…

ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്ന നിലപാടിലേക്ക് സിപിഎമ്മും സര്‍ക്കാരും എത്തിയതോടെ ഭക്തര്‍ക്ക് അത് വലിയ ആശ്വാസമായി. എന്നാല്‍ ശബരിമല യുവതി പ്രവേശ വിധി എന്തുവിലകൊടുത്തു നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു ബിന്ദു അമ്മിണിയുടെയും കനകദുര്‍ഗ്ഗയുടെയും ശക്തിയും ആത്മവിശ്വാസവുമെല്ലാം. എന്നാല്‍ ഒടുവില്‍ പിണറായി വിജയനും നിലപാടു മാറ്റുന്ന സൂചനകള്‍ നല്‍കിയതോടെ ശബരിമല കയറാമെന്ന് കരുതിയിരിക്കുന്ന യുവതികള്‍ക്ക് അത് വലിയ തിരിച്ചടിയായി.

ശബരിമലയിലെ യുവതി പ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്ന ബിന്ദു അമ്മിണിയുടേയും തൃപ്തി ദേശായിയുടേയും ആവശ്യം സുപ്രീംകോടതി തീരുമാനിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യുവതി പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ബിന്ദുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പ്രസ്താവന വന്ന ശേഷം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അറിയിച്ചു. തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും യാത്രയ്ക്കു സുരക്ഷ ഒരുക്കാനാവില്ലെന്നു പോലീസ് അറിയിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അതിന് മാറ്റമില്ലെന്നും പിണറായി പറഞ്ഞു.

ശബരിമല സന്ദര്‍ശിക്കാനായി യുവതികള്‍ എത്തുന്നത് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചാണ്. അയ്യപ്പനെ കാണുകയാണോ അവരുടെ ലക്ഷ്യമെന്ന് ചോദിച്ച മുഖ്യമന്ത്രി ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണല്ലോ വിധി വന്നശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ വര്‍ഷം യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി, സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഉടലെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി വിഷയം ഏഴംഗ വിശാല ബെഞ്ചിനു വിട്ടതോടെ സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.

Related posts