കൊല്ലം: സിപിഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം. ഇ.എം.എസും എ.കെ.ജി.യും മക്കൾക്കുവേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ലെന്നും എന്നാൽ മകൾക്കുവേണ്ടി പിണറായി ഉണ്ടാക്കിയ അവമതിപ്പ് ചെറുതല്ലെന്നും കുണ്ടറയിൽനിന്നുള്ള പ്രതിനിധി യോഗത്തിൽ തുറന്നടിച്ചു.
പിണറായിയുടെ മകൾക്ക് എന്തിനാണ് ഇത്രയും പണം എന്ന് പാർട്ടി തിരക്കിയില്ലെന്നും കണ്ണൂരിലെ തോൽവിക്ക് പിണറായിയും ഗോവിന്ദനുമാണ് പ്രധാന കാരണക്കാരെന്നും വിമർശനമുണ്ടായി. യോഗത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ പിണറായി വിജയനെയും റിയാസിനെയും ന്യായീകരിച്ച സംസ്ഥാന സെക്രട്ടറിയെ പ്രതിനിധികൾ കടുത്ത ഭാഷയിൽ പരിഹസിച്ചു.
‘ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും’ എന്ന മട്ടിലാണ് പാർട്ടി സെക്രട്ടറി സംസാരിച്ചതെന്നും ജില്ലാ കമ്മിറ്റിയിൽ പിണറായിയെ ആരും വിമർശിക്കരുതെന്ന സന്ദേശമാണ് സെക്രട്ടറി നൽകിയതെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ചർച്ചചെയ്യേണ്ട വിഷയങ്ങൾ മിണ്ടരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും ഇത് പാർട്ടി രീതികൾക്ക് വിരുദ്ധമാണെന്നും പ്രതിനിധികൾ വ്യക്തമാക്കി.
പാർട്ടിക്കുള്ളിലെ തിരുത്തൽ സംസ്ഥാന സെക്രട്ടറിയിൽനിന്ന് തുടങ്ങണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ തന്നെ ശാസിച്ച വിവരം ജില്ലാ കമ്മിറ്റികളിൽ വന്ന് റിപ്പോർട്ട് ചെയ്യേണ്ടിവരുന്നത് സംസ്ഥാന സെക്രട്ടറിയുടെ ഗതികേടാണെന്ന് അഞ്ചലിൽനിന്നുള്ള പ്രതിനിധി വിമർശിച്ചു.
