മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് പണം നല്‍കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് എന്റെ പാട്ടുകള്‍ക്ക് പണം നല്‍കുന്നില്ല; തന്റെ പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇളയരാജ

ചെന്നൈ: തന്റെ ഗാനങ്ങള്‍ ഗായകര്‍ സ്റ്റേജ്‌ഷോയില്‍ പാടുന്നതിനു മുമ്പ് തന്റെ അനുവാദം വാങ്ങണമെന്ന് പറഞ്ഞ സംഗീതസാമ്രാട്ട് ഇളയരാജയുടെ വാദം വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു വിവാദവുമായി ഇളയരാജ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്നു നീക്കണമെന്ന് ഇളയരാജയുടെ ആവശ്യപ്പെട്ടിരിക്കുകയാണ്. അനുവാദം കൂടാതെയാണു സ്മ്യൂളില്‍ തന്റെ ഗാനങ്ങളുടെ കരോക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും പകര്‍പ്പവകാശ ലംഘനമാണിതെന്നും അദ്ദേഹം അയച്ച ഇ-മെയിലില്‍ പറയുന്നു.

യുഎസ് കമ്പനിയാണു സ്മ്യൂള്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതു സൗജന്യമല്ലെന്നും പാടുന്നവരില്‍ നിന്നു പണം ഈടാക്കാറുണ്ടെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്റ് ഇ. പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി. ”മൈക്കിള്‍ ജാക്‌സന്റെ പാട്ടുകള്‍ക്ക് അവര്‍ പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇളയരാജയ്ക്കു നല്‍കുന്നില്ല. കമ്പനിക്ക് അയച്ച ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികള്‍ ആലോചിക്കും”- പ്രദീപ്കുമാര്‍ പറഞ്ഞു. താന്‍ ചിട്ടപ്പെടുത്തിയ പാട്ടുകള്‍ ഗാനമേളകളില്‍ പാടാന്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന് എസ്.പി. ബാലസുബ്രഹ്മണ്യത്തോടും കെ.എസ്. ചിത്രയോടും ഇളയരാജ മുന്‍പ് ആവശ്യപ്പെട്ടിരുന്നു. ‘എസ്പിബി 50’ എന്ന പരിപാടിയില്‍ ഇളയരാജയുടെ സംഗീതത്തില്‍ സിനിമകളില്‍ താന്‍ പാടിയ ഗാനങ്ങളും എസ്.പി. ബാലസുബ്രഹ്മണ്യം ഉള്‍പ്പെടുത്തിയിരുന്നു. വക്കീല്‍ നോട്ടിസ് ലഭിച്ചതോടെ ഇവ ഒഴിവാക്കാന്‍ എസ്പിബി നിര്‍ബന്ധിതനാകുകയായിരുന്നു. ദൈവം സഹായിച്ച് മറ്റു സംഗീത സംവിധായകരുടെ മികച്ച ഗാനങ്ങളും പാടാനായത് തന്റെ ഭാഗ്യമെന്നായിരുന്നു ഇതിനോട് എസ്പിബി അന്ന് പ്രതികരിച്ചത്.

Related posts