മൂക്കിനുള്ളില്‍ ബട്ടണുമായി യുവതി ജീവിച്ചത് 20 വര്‍ഷം ! ഒടുവില്‍ പുറത്തെടുത്തത് വിവാഹത്തിനു തൊട്ടുമുമ്പ്;തിരുവനന്തപുരത്ത് നടന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം ഇങ്ങനെ…

യുവതിയുടെ മൂക്കിനുള്ളില്‍ പ്ലാസ്റ്റിക് ബട്ടണില്‍ നിന്ന് 20 വര്‍ഷങ്ങള്‍ക്കു ശേഷം യുവതിയ്ക്കു മോചനം.തിരുവനന്തപുരം പട്ടത്തെ എസ്യുടി ബിആര്‍ ലൈഫ് ആശുപത്രിയില്‍ നടത്തിയ റെനോലിത്ത് ശസ്ത്രക്രിയയിലൂടെ ബട്ടണ്‍ പുറത്തെടുക്കുകയായിരുന്നു. ഒന്നോ രണ്ടോ വയസ്സുള്ളപ്പോള്‍ മൂക്കില്‍ ബട്ടണ്‍ പെട്ടതായിരിക്കണമെന്ന് കരുതുന്നു. ഇതുകാരണം കുട്ടിക്കാലം മുതല്‍ കുട്ടി മൂക്കടപ്പും മൂക്കില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും കാരണം വളരെ ബുദ്ധിമുട്ടി. വളരുന്തോറും ഈ ബുദ്ധിമുട്ട് കൂടിവന്നു. ഇതിനിടെ ചികിത്സകള്‍ പലതും നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം എസ്യുടി ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ ഇഎന്‍ടി അസോയിയേറ്റ് കണ്‍സല്‍റ്റന്റ് ഡോ. അമ്മു ശ്രീ പാര്‍വതി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. മൂക്കിനുള്ളില്‍ അസാധാരണ മാംസവളര്‍ച്ചയും പഴുപ്പുകെട്ടലും കണ്ട് വിദഗ്ധമായ സ്‌കാനിംഗിന് വിധേയമാക്കിയപ്പോഴാണ് മാംസ വളര്‍ച്ചയ്ക്കുളളില്‍ മറ്റെന്തോ വസ്തു ഉണ്ടെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് റെനോലിത്ത് ശസ്ത്രക്രിയ നടത്തി.

കല്ലുപോലുള്ള വസ്തുവിനുള്ളില്‍ പഴയ കാലത്തെ പ്ലാസ്റ്റിക് ബട്ടണായിരുന്നു. അതു പുറത്തെടുത്തതോടെ കെട്ടികിടന്ന പഴുപ്പ് പുറത്തേക്കൊഴുകി. ബട്ടണ് ചുറ്റും മാംസം വളര്‍ന്ന് ശ്വസനപാത തടഞ്ഞതായിരുന്നു ശ്വാസ തടസ്സത്തിന് കാരണം. മാംസം പഴുത്തത് ദുര്‍ഗന്ധത്തിനും ഇടയാക്കി. എന്നാല്‍ എന്നാണ് ബട്ടണ്‍ മൂക്കിനുള്ളില്‍ അകപ്പെട്ടതെന്ന് 22കാരിയ്ക്ക് ധാരണയില്ല.
ഓര്‍മ വച്ചതിനുശേഷം അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വീട്ടുകാരും യുവതിയും പറയുന്നത്. അതിനാല്‍ ഒന്നോ രണ്ടോ വയസ്സുള്ളപ്പോഴായിരിക്കണം ബട്ടണ്‍ മൂക്കിനുളളില്‍ പോയതെന്ന് കരുതുന്നു.

പ്ലാസ്റ്റിക് ബട്ടണ്‍ പോലൊരു ‘അന്യവസ്തു’ മൂക്കില്‍ പെട്ടുപോകുന്നതും രണ്ട് പതിറ്റാണ്ടോളം അവിടെത്തന്നെയിരുന്ന് ശ്വാസതടസ്സത്തിനും പഴുപ്പുകെട്ടി ദുര്‍ഗന്ധമുണ്ടാകുന്നതിനും കാരണമാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. ്. നീണ്ട ഇരുപതുവര്‍ഷത്തിനു ശേഷം അവളുടെ ബുദ്ധിമുട്ടുകള്‍ക്ക് അങ്ങനെ അറുതി വന്നിരിക്കുന്നു. അടുത്തയാഴ്ചയാണ് യുവതിയുടെ വിവാഹം.

Related posts