പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിൾ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്റുകൾ നടത്താനാകും.
യുപിഐ സര്‍ക്കിളിന്റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്മെന്റ് നടത്താനുള്ള സൗകര്യ മാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്മെന്റ് നടത്താനാകുമെന്നതാണ് ഇതിന്റെ സൗകര്യം. സ്കൂളില്‍ പോകുമ്പോഴുള്ള സ്നാക്സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികൾക്ക് പേയ്മെന്റ് നടത്താനാകും.
മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാനും, മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനാകുക. മക്കള്‍, കുടുംബാംഗങ്ങള്‍, വിശ്വസ്തരായവർ എന്നിങ്ങനെ അഞ്ച് പേരെയെങ്കിലും സെക്കൻഡറി ഉപയോക്താക്കളായി മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. സ്വന്തമായി ഗൂഗിള്‍ പേയും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും സെക്കന്ററി ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് മാത്രമാണ് മാനദണ്ഡം.
സെക്കൻഡറി യൂസറെ ചേര്‍ത്തു കഴിഞ്ഞാല്‍, അവര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. മക്കളുടെ സാമ്പത്തികാവശ്യങ്ങളിലും ചിലവുകളിലും മാതാപിതാക്കളുടെ കരുതലും നിയന്ത്ര ണവും കൊണ്ടുവരാനാകുമെ ന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.
രണ്ട് മോഡുകളിലൂടെ സ്വതന്ത്രവും ഫ്ളക്സിബിളുമായി ഉപയോഗിക്കാമെന്നതാണ് പോക്കറ്റ് മണി ഫീച്ചറിന്റെ മറ്റൊരു പ്രധാനവശം. പ്രധാനമായും രണ്ട് രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
ആദ്യത്തേതിൽ 15,000 രൂപ പ്രതിമാസം ലിമിറ്റ് നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്ന് മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാന്‍ ഇതുവഴി സാധിക്കും. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കും മക്കള്‍ക്ക് മാതാപിതാക്കളെ നേരില്‍കണ്ട് ആവശ്യപ്പെടേണ്ടിവരില്ല.
ഓരോ പേയ്മെന്റിനും അനുവാദം ആവശ്യപ്പെടുന്ന രീതിയിലാണ് രണ്ടാമത്തെ രീതി. ഇത് പ്രകാരം പണം ആവശ്യമുള്ള സമയങ്ങളില്‍ മക്കള്‍ ഒരു റിക്വസ്റ്റ് അയയ്ക്കും. പണം അയക്കുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായും അപ്രൂവ് ചെയ്യേണ്ടിവരും. ചെറിയ കുട്ടികളുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സഹായം തന്നെയായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
