മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎംഎൽപി സ്കൂൾ മാനേജർ എം.എ. അഷ്റഫിനെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അയോഗ്യനാക്കി.
സ്കൂളിന്റെ പ്രവർത്തനങ്ങൾ തടസം കൂടാതെ നിർവഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ചുമതല നൽകി. മാനേജർക്കെതിരേ ജൂലൈ 13-ന് പോക്സോ വകുപ്പ് പ്രകാരം മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ആലുവ സ്വദേശിയായ 13 കാരിയുടെ പിതാവാണ് പരാതി നൽകിയത്. പിന്നീട് പോലീസ്അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയും ചെയ്തിരുന്നു.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.