വെറുതെ മീന്‍ പിടിക്കാന്‍ ഇറങ്ങിയതാ സാറേ ! പോലീസിന്റെ ഡ്രോണ്‍ കണ്ട് നാട്ടുകാര്‍ കണ്ടം വഴി ഓടുന്ന വീഡിയോ വൈറലാകുന്നു…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇത് അനുസരിക്കാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം ആളുകള്‍ ഇപ്പോഴുമുണ്ട്.

പോലീസിന് അത്ര പെട്ടെന്ന് കടന്നു ചെല്ലാനാകാത്ത സ്ഥലങ്ങളിലുള്ളവര്‍ ഇപ്പോഴും കൂട്ടം കൂടുന്നുണ്ട്. ഇത്തരക്കാരെ പിടികൂടാനായി കേരളാ പോലീസ് നടത്തുന്ന ഡ്രോണ്‍ നിരീക്ഷണം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇത്തരത്തില്‍ പോലീസ് ഡ്രോണ്‍ കാണുമ്പോള്‍ ചിതറിയോടുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കേരളാ പൊലീസ് ട്വീറ്റ് ചെയ്ത വിഡിയോ വളരെ വേഗമാണ് വൈറലായത്.

2016-ലെ ട്രേസര്‍ ബുള്ളറ്റ് ചലഞ്ചിന്റെ സംഗീതമാണ് വിഡിയോയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

രവിശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം എന്നിവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

ഒന്നരലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 2500 പേര്‍ റീട്വീറ്റ് ചെയ്യുകയും എണ്ണായിരത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍ ഇടവഴികളിലേക്ക് ഓടിമാറി ആകാശക്കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

ചിലര്‍ തുണി കൊണ്ട് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും ചിലര്‍ മതില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തിങ്കളാഴ്ചയാണ് പൊലീസ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.

Related posts

Leave a Comment