യാത്രക്കാരും വണ്ടി ഓടിക്കുന്നവരുമെല്ലാം റോഡ് നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം പിഴ ഈടാക്കേണ്ടി വരും. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്പോൾ ഹെൽമെറ്റ് വയ്ക്കാതെ പോയാൽ 1000 രൂപയാണ് പിഴ അടക്കേണ്ടി വരുന്നത്. ഒരു പിഴ വരുത്തിയ വിനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. ഗുൽഷൻ കെൻ എന്ന യുവാവ് കാറിൽ ഹെൽമെറ്റ് ധരിച്ച് പോകുന്നത് കണ്ട് അദ്ദേഹത്തോട് കാര്യം ആരാഞ്ഞു. കഴിഞ്ഞ നവംന്പർ 26-ന് അദ്ദേഹത്തിന് 1100 രൂപ ഫൈൻ ഈടാക്കി. എന്നാൽ അതിലെ രസകരമായ സംഭവമെന്തെന്നാൽ അദ്ദേഹം അന്ന് ടു വീലറിൽ ആയിരുന്നില്ല യാത്ര ചെയ്തത്. അദ്ദേഹം തന്റെ കാറിലായിരുന്നു പോയത്.
താൻ ഫൈൻ അടിച്ച സംഭവം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും, ആ സംഭവത്തിനു ശേഷം കാറിൽ പോകുന്പോഴും ഹെൽമെറ്റ് ധരിക്കും ഒപ്പം സീറ്റ് ബെൽറ്റും ധരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗുൽഷൻ കെൻ കാറിൽ ഹെൽമെറ്റ് ധരിച്ച് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
