മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പര പൂർത്തിയായതിന് പിന്നാലെ വിരാട് കോഹ്ലി ലണ്ടനിലേക്ക് മടങ്ങി. 24ന് തുടങ്ങുന്ന വിജയ് ഹസാരേ ട്രോഫിയിൽ കളിക്കാനായി കോഹ്ലി തിരിച്ചെത്തും. ഡൽഹി ടീമിനായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുമെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലി ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐ കർശനമായി ആവശ്യപ്പെട്ടതോടെയാണ് കോഹ്ലിയും രോഹിതും വിജയ് ഹസാരേ ട്രോഫിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരന്പരയിൽ രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും നേടിയ കോഹ്ലി പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സടിച്ച താരമായിരുന്നു. പരന്പരയുടെ താരവും കോഹ്ലിയായിരുന്നു.
