കായംകുളം: യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി നൽകി. ഇന്നലെ വൈകുന്നേരമാണ് കായംകുളം പെരിങ്ങാല സ്വദേശിനിയായ ശിവഗംഗയുടെ ഇരുപതിനായിരം രൂപ വിലയുള്ള മൊബൈൽ ഫോൺ കായംകുളം മാർക്കറ്റിൽ നഷ്ടപ്പെട്ടത്.
ഉടൻതന്നെ ശിവഗംഗ കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ എരുവ ഭാഗത്ത് ഉണ്ടെന്ന് കണ്ടെത്തി.
അന്വേഷണത്തിൽ റോഡിൽനിന്നും മൊബൈൽ ഫോൺ കിട്ടിയ എരുവ സ്വദേശിയിൽനിന്നു മൊബൈൽ ഫോൺ കണ്ടെടുത്ത് ശിവഗംഗയ്ക്ക് നൽകുകയായിരുന്നു.
കായംകുളം സിഐ അരുൺ ഷായോടൊപ്പം പോലീസ് ഉദ്യോഗസ്ഥരായ ജയകുമാർ, റെജിൻ എന്നിവരാണ് ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടു കൂടി മൊബൈൽ ഫോൺ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.