കുടക് അരിച്ചു പെറുക്കിയിട്ടും ജെസ്‌നയെ കണ്ടെത്താനായില്ല ! മെട്രോയില്‍ കണ്ടെന്ന് ആരോ പറഞ്ഞതനുസരിച്ച് പോലീസ് വീണ്ടും ബംഗളുരുവിലേക്ക്; ജെസ്‌നയുടെ പേരില്‍ ടൂറടിക്കുന്നുവെന്ന ആരോപണം ശക്തമാക്കുന്നു…

റാന്നി: കുടകു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ജെസ്‌നയെ കിട്ടാത്ത സാഹചര്യത്തില്‍ ബംഗളുരു മെട്രോയില്‍ ജെസ്‌നയെ കണ്ടെന്ന് ആരോ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബംഗളുരുവിലേക്ക്. ജെസ്‌നയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പറയുന്നത് വെറും അവകാശവാദങ്ങള്‍ മാത്രമാണെന്നാണ് പോലീസിന്റെ നീക്കങ്ങളില്‍ നിന്ന് അനുമാനിക്കാനാവുക.

ഇതുവരെ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ ജെസ്നയെ പോലൊരാള്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്.

മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ജെസ്നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇത് ജെസ്നയാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി. ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മാര്‍ച്ച് 22ന് ആണു ജെസ്നയെ കാണാതായത്.

കേസന്വേഷണത്തിന്റെ പേരില്‍ പോലീസ് ടൂറടിക്കുകയാണെന്ന ആരോപണവും ശക്തമാവുകയാണ്. യാതൊരു വിശ്വസ്തതയുമില്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ കാശ് മുടിച്ച് പോലീസ് കറങ്ങി നടക്കുകയാണെന്നാണ് പലരും പറയുന്നത്. അതിനിടെ ജെസ്ന കേസ് അന്വേഷണത്തിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു വിവരാവകാശ നിയമ പ്രകാരം പൊലീസിനെ സമീപിച്ചവരെക്കുറിച്ച് അന്വേഷണം നടത്തും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണിത്. ജെസ്നയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കുന്നതിന് ഇതുവരെ എത്ര തുക ചെലവായി. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്ന പൊലീസുകാരുടെ എണ്ണം, എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങള്‍ ആരാഞ്ഞാണ് ചിലര്‍ പൊലീസിന് അപേക്ഷകള്‍ നല്‍കിയത്. എന്താണ് ഇവര്‍ക്ക് ഇതിലുള്ള താത്പര്യം എന്നാണ് പോലീസ് പരിശോധിക്കുക.

ജെസ്ന കേസ് എങ്ങുമെത്താതെ നില്‍ക്കെ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ള ഈ മാസം 31ന് വിരമിക്കും. ആര്‍.ശിവസുതന്‍പിള്ള തിരുവല്ല ഡിവൈഎസ്പിയാകുമെന്നാണു സൂചന. തുടര്‍ന്ന് എത്തുന്ന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും തുടരന്വേഷണം. പെണ്‍കുട്ടി കുടകില്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പോലീസ് സംഘം കഴിഞ്ഞ ദിവസം കുടകിലെത്തിയത്.

ജെസ്‌നയുടെ കൈവശമുണ്ടെന്നു കരുതപ്പെടുന്ന ഫോണിലേക്ക് കുടകില്‍ നിന്ന് എട്ടു ഫോണ്‍കോളുകള്‍ വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ കുടകുയാത്ര. എന്നാല്‍ അവിടെയുള്ള എല്ലാ വീടുകളും പരിശോധിച്ചിട്ടും യാതൊരു തുമ്പും കിട്ടിയില്ല.ജെസ്നയുടെ കുടുംബം കുടകില്‍ നിന്നാണ് മുക്കൂട്ടുതറയില്‍ എത്തി താമസമാക്കിയത്. ജെസ്നയെ കാണാതാകുന്നതിന് മുന്‍പ് നടത്തിയ ഫോണ്‍ കോളുകളാണ് അന്വേഷണ സംഘത്തെ കുടകില്‍ എത്തിച്ചത്. അതേസമയം ആരാണ് ജെസ്നയെ അവിടെ നിന്ന് വിളിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞിട്ടില്ല.

Related posts