തടാകത്തില്‍ ഷൂട്ടിംഗിനിടെ അഞ്ച് മുതലകള്‍ കൂട്ടമായി നിവിനെ ആക്രമിക്കാന്‍ പാഞ്ഞടുത്തു! വനത്തില്‍ പാമ്പ് ശല്യവും; കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനിലെ സാഹസികത വിവരിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

സിനിമയെ വെല്ലുന്ന സാഹസിക രംഗങ്ങളിലൂടെയാണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കടന്നുപോയതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നായകനായ നിവിന്‍ പോളി തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നിവിന്‍ പോളിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. അഞ്ച് ദിവസത്തെ വിശ്രമത്തിനു ശേഷം നിവിന്‍ തിരിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ദേഹത്തേക്ക് കാളവണ്ടി മറിഞ്ഞുവീണത്. തലനാരിഴക്കാണ് നിവിന്‍ പോളി അന്ന് രക്ഷപെട്ടത്.

ശ്രീലങ്കയിലെ ഷൂട്ടിംഗിനിടെ വില്ലനായെത്തിയത് മുതലകളായിരുന്നു. ശ്രീലങ്കയിലെ പ്രധാന ലൊക്കേഷനുകളുലൊന്നായ തടാകം ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാവര്‍ക്കും ഇഷ്ടമാകുകയായിരുന്നു. പക്ഷേ ഷൂട്ടിംഗ് തീരുമാനിച്ചു കഴിഞ്ഞപ്പോഴാണ് തടാകത്തില്‍ 300ലേറെ മുതലകളുണ്ടെന്ന് അറിയുന്നത്. ഒടുവില്‍ യൂണിറ്റിലെ ചിലര്‍ വെള്ളത്തിലിറങ്ങി നിന്ന് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി മുതലകളെ അകറ്റി നിര്‍ത്തുകയായിരുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. എന്നിട്ടും അഞ്ച് മുതലകള്‍ ഷൂട്ടിംഗിനിടെ ആക്രമിക്കാനായി പാഞ്ഞടുത്തിരുന്നു.

മംഗലാപുരത്തെ കടാപ്പ വനത്തില്‍ ചിത്രീകരണം നടക്കുന്നതിനിടെ ചിത്രത്തിലെ സാങ്കേതിക വിദഗ്ധരിലൊരാള്‍ക്ക് പാമ്പ് കടിയേറ്റു. കൊടിയ വിഷമുള്ള നിരവധി പാമ്പുകളുടെ അധിവാസ കേന്ദ്രമാണ് കടാപ്പ.

ചിത്രീകരണ യൂണിറ്റിനൊപ്പം ഡോക്ടറുണ്ടായിരുന്നതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ രക്ഷിക്കാനായതെന്നും റോഷന്‍ ആന്‍ഡ്രൂസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. കായംകുളം കൊച്ചുണ്ണിയെന്ന വീരനായകന്റെ കഥ പറയുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബോബി സഞ്ജയാണ് ചിത്രത്തിന്റ തിരക്കഥ. മോഹന്‍ലാലും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related posts