ചരിത്ര നിമിഷം! ട്രാൻസ്ജെൻഡേഴ്സ്പോലീസ് സേനയുടെ ഭാഗമായേക്കും; മൂന്ന് കാര്യങ്ങളിൽ അഭിപ്രായം തേടി സർക്കാർ



തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുകയാണ് ആദ്യ കടമ്പ. തുടര്‍ന്ന് ഇതുസംബന്ധിച്ച സേനയുടെ നിലപാട് എഡിജിപിമാരുടെ യോഗത്തില്‍ തീരുമാനിക്കും. പരിശീലന ചുമതലയുള്ള എപി ബറ്റാലിയനോടും അഭിപ്രായം ആരായും.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സേനയിലെടുത്താൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, എങ്ങനെ റിക്രൂട്ട് ചെയ്യും, പരിശീലനം എപ്രകാരമായിരിക്കും തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.

കൂടാതെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയുമെന്നും ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച് അഭിപ്രായം പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി, പരിശീല ചുമതലയുള്ള എപി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എഡിജിപിമാരുടേയും അഭിപ്രായം ആരാഞ്ഞ ശേഷം അതോടൊപ്പം സര്‍ക്കാര്‍ ശിപാർശയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പോലീസ് ആസ്ഥാനത്ത് എത്തിയ സര്‍ക്കാര്‍ ശിപാര്‍ശയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment