കാമറയ്ക്ക് മുന്നില്‍ വന്നു നിന്ന് മകനുവേണ്ടി അവര്‍ കണ്ണീരൊഴുക്കി യാചിച്ച നിമിഷം എനിക്ക് സഹിക്കാനായില്ല! സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാന്‍ സമ്മതമറിയിച്ച് നടി പൊന്നമ്മ ബാബു

മകന്റെ ജീവനുവേണ്ടി അപേക്ഷിച്ചുകൊണ്ട് ലൈവ് വീഡിയോയിലെത്തിയ നടി സേതുലക്ഷ്മിയെയും മകനെയും സഹായിക്കാന്‍ തയാറാണെന്ന് അറിയിച്ച് നടിയും, സേതുലക്ഷ്മിയുടെ സഹപ്രവര്‍ത്തകയുമായ പൊന്നമ്മ ബാബു രംഗത്ത്.

സേതുലക്ഷ്മിയുടെ മകന് വേണ്ടി വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു അറയിച്ചു. സേതുലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് പൊന്നമ്മ ബാബു ഇക്കാര്യം തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്.

രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നും തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നും പറഞ്ഞ് കൊണ്ടാണ് കഴിഞ്ഞ ദിവസം സേതുലക്ഷ്മി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

എന്നാല്‍ ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എന്ന് പറഞ്ഞ് വലുതാക്കരുതെന്നും വാര്‍ത്തയാക്കാന്‍മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും തനിക്കില്ലെന്നും പൊന്നമ്മ ബാബു പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് പൊന്നമ്മ ബാബുവിന്റെ പ്രതികരണം.

സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന നാള്‍ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നില്‍ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ….അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോള്‍ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്.

കാശ് കൊണ്ട് അളക്കാന്‍ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാന്‍ തിരിച്ചു ചോദിച്ചത്. കിഷോര്‍ എന്റെ വൃക്ക സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ….എല്ലാം ഒത്തുവന്നാല്‍ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ധാനം ചെയ്യും. ബാക്കി കാര്യങ്ങള്‍ ഡോക്ടര്‍മാരുേയും ദൈവത്തിന്റേയും കൈയ്യില്‍.’ പൊന്നമ്മ ബാബു പറഞ്ഞു. പണം കൊടുത്ത് പോലും സഹായിക്കാന്‍ തയാറാവാത്ത നിരവധിയാളുകളുടെ ഇടയില്‍ വൃക്ക തന്നെ നല്‍കി സഹായിക്കാന്‍ പൊന്നമ്മ ബാബു കാണിച്ച മനസിനെ അഭിനന്ദിക്കുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ.

Related posts